മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി; സീതാറാം യെച്ചൂരിക്കെതിരെ കേസ്

മഹാഭാരതത്തിലും രാമായണത്തിലും ആക്രമണങ്ങളെ കുറിച്ചാണ് പ്രതിപാതിക്കുന്നതെന്നും അതിനാൽ ഹിന്ദുത്വം അഹിംസയിലൂന്നിയാണ് നിലകൊള്ളൂന്നതെന്ന യുക്തി ശരിയല്ലെന്നുമുള്ള പരാമർശത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസ്. ബാബ രാംദേവ് ഉൾപ്പടെയുള്ള സന്യാസിമാർ നൽകിയ പരാതിയിൽ ഹരിദ്വാർ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഹിന്ദുക്കൾ ഹിംസയിൽ വിശ്വസിക്കുന്നില്ല എന്ന മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാൽ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂറിന് മറുപടിയായാണ് രാമയാണത്തിലെയും മഹാഭാരതത്തിലെയും യുദ്ധങ്ങളെയും അതിക്രമങ്ങളെയും പരാമർശിച്ചത്. ഇതിഹാസങ്ങളിൽ തന്നെ ഹിംസ വ്യക്തമാക്കുന്നുണ്ടെന്നും അതിനാൽ അഹിംസയിലാണ് ഹിന്ദുത്വം നിലനിൽക്കുന്നതെന്ന യുക്തി ശരിയല്ലെന്നുമായിരുന്നു യെച്ചൂരി പറഞ്ഞത്. പാർലമെന്ററി സംവിധാനത്തിലുള്ള തെരഞ്ഞെടുപ്പുകളും ജനാധിപത്യവും എന്ന വിഷയത്തിൽ ഭോപ്പാലിൽ നടന്ന ശില്പശാലയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഇതിനെതിരെ യോഗാ ഗുരു ബാബ രാംദേവ് ഉൾപ്പെടെയുള്ള സന്യാസിമാർ പരാതിയുമായി പൊലീസിൽ സമീപിക്കുകയായിരുന്നു. ഉത്തരാഘണ്ഡിലെ ഹരിദ്വാർ എസ്പിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയതുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. കേസിന്റെ തുടർനടപടികൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More