Advertisement

രാജീവ് ഗാന്ധിയെ കുറിച്ചുള്ള പരാമർശം; മോദി നടത്തുന്നത് സമനില തെറ്റിയ പ്രതികരണമെന്ന് കെ സി വേണുഗോപാൽ

May 5, 2019
Google News 0 minutes Read
kumaraswamy need not to resign says kc venugopal

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സമനില തെറ്റിയ പ്രതികരണങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. രാജീവ് ഗാന്ധിയെ കുറിച്ചുള്ള പരാമർശം ഖേദകരമാണ്. പരാജയ ഭീതിയാണ് ഇത്തരം പ്രതികരണങ്ങളുടെ അടിസ്ഥാനം.
മരിച്ച ആളുകളെ കുറിച്ച് പറയുമ്പോൾ പാലിക്കേണ്ട മിതത്വം മോദി കാണിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

കെസി വേണുഗോപാലിൻറെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പരാജയഭീതിയിൽ സമനില തെറ്റിയ ഒരു പ്രധാനമന്ത്രിയെ രാജ്യം ഇനി എത്ര നാൾ സഹിക്കണം ? അധപതനത്തിന്റെ അങ്ങേയറ്റമെത്തിയിരിക്കുന്നു നരേന്ദ്ര മോദിയുടെ വാക്കുകൾ. റഫേൽ കരാറിലെ അഴിമതിയുടെ ഏടുകൾ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു. അതിൽ വിറളി പൂണ്ട മോദിയുടെ വാക്കുകൾ പ്രധാന മന്ത്രി എന്ന പദവിക്ക് നിരക്കുന്നതല്ല. ആധുനീക ഇന്ത്യയെ കെട്ടിപ്പടുത്ത, രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെഅപമാനിച്ചാൽനോവുന്നത് ഇന്ത്യയിലെ സാധാരണക്കാരായ ജനകോടികളുടെ മനസ്സാണ്. അത് മനസ്സിലാക്കാൻ മോദി അധികം കാത്തിരിക്കേണ്ടി വരില്ല.

ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണു രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം നരേന്ദ്ര മോദി പറഞ്ഞത്. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രാഹുൽ ഗാന്ധിയുടെ പിതാവ് മിസ്റ്റർ ക്ലീൻ ആണെന്നാണ് അദ്ദേഹത്തിന്റെ സേവകർ വാഴ്ത്തുന്നതെന്നും എന്നാൽ ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചതെന്നും മോദി പറഞ്ഞിരുന്നു.

ഇതിനെതിരെ മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. സ്വന്തം അഴിമതിക്കറ അച്ഛന്റെ പേരിൽ ചാർത്തിയുള്ള മോദിയുടെ രക്ഷപ്പെടൽ ഫലം കാണില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. യുദ്ധം അവസാനിച്ചെന്നും മോദിയുടെ കർമ്മഫലം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. മോദിക്ക് സ്‌നേഹവും ആലിംഗനവും നൽകുന്നുവെന്ന് പറഞ്ഞാണ് രാഹുൽ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here