പൂരാവേശത്തിൽ തൃശൂർ; വർണമഴ പെയ്യിച്ച് സാമ്പിൾ വെടിക്കെട്ട് നടന്നു

വടക്കുംനാഥന്റെ മണ്ണിൽ പൂരാവേശം നിറച്ച് സാമ്പിൾ വെടിക്കെട്ട് നടന്നു. ശബ്ദ വർണ വിസ്മയങ്ങൾ സമന്വയിപ്പിച്ച വെടിക്കെട്ട് കാണാൻ ആയിരങ്ങളാണ് കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും സ്വരാജ് റൗണ്ട് പരിസരത്ത് എത്തിയത്.നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ വൈകി രാത്രി ഏഴേമുക്കാലോടെയാണ് സാമ്പിൾ വെടിക്കെട്ട് ആരംഭിച്ചത്. വർണവിസ്മയങ്ങൾക്ക് ആദ്യം തിരുവമ്പാടി തിരി കൊളുത്തിയതോടെ അക്ഷമയോടെ കാത്തിരുന്ന കാണികളുടെ ആവേശവും ആകാശത്തോളമെത്തി. കുഴി മിന്നലും ഓലപ്പടക്കവും ഗുണ്ടുമടക്കം ആദ്യം ശബ്ദം കൊണ്ട് വിസ്മയം തീർത്തു. പിന്നീട് പാറമേക്കാവ് വിഭാഗത്തിന്റെ ഊഴമായിരുന്നു. സമാനമായ രീതിയിൽ പാറമേക്കാവും കത്തിക്കയറിയതോടെ ആകാശത്ത് തുടർച്ചയായി വർണ വിസ്മയങ്ങൾ പെയ്തിറങ്ങി.
കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ സാമ്പിൾ വെടിക്കെട്ടിനായി ഒരുക്കിയിരുന്നത്. 100 മീറ്റർ അകലം പാലിച്ച് ജനങ്ങളെ മാറ്റി നിർത്തി. 2000 കിലോ വെടിമരുന്നെന്ന കണക്ക് ഇരു വിഭാഗവും പാലിക്കുന്നുണ്ടോയെന്ന് കർശന പരിശോധനക്ക് വിധേയമാക്കി. പൂരാവേശം ഒട്ടും ചോർന്ന് പോകാതെ അപകടരഹിതമായി തന്നെ സാമ്പിൾ വെടിക്കെട്ട് അരങ്ങേറി. പൂരപ്രേമികൾക്ക് ഇനി കാത്തിരിപ്പാണ് പൂരാവേശത്തിൽ പൂർണ്ണമായി അലിയാനായുള്ള ഒരു ദിവസത്തെ കൂടി കാത്തിരിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here