‘ഈ സിദ്ധാന്തം നാഗ്പൂരിലെ വാട്സപ്പ് സർവ്വകലാശാലയിൽ നിന്നാണോ പഠിച്ചത്?’; മോദിയെ പരിഹസിച്ച് കോൺഗ്രസ്സ്

മേഘങ്ങൾ റഡാർ മറയ്ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തലിനെതിരേ പരിഹാസവുമായി കോൺഗ്രസ്. ഇത്തരം സിദ്ധാന്തങ്ങൾ നാഗ്പുരിലെ വാട്ട്സ്ആപ്പ് സർവകലാശാലയിൽനിന്നാണോ പഠിച്ചതെന്നും പരിഹാസരൂപേണ കോൺഗ്രസ് ചോദിച്ചു.
പ്രധാനമന്ത്രി വാർത്താ സമ്മേളനം വിളിക്കാതിരുന്നത് നന്നായെന്നും അല്ലെങ്കിൽ അബദ്ധങ്ങളുടെ ഘോഷയാത്രയാകുമായിരുന്നെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഇത്തരം പ്രസ്താവനകള്‍ നിരത്തരവാദിത്തപരമാണെന്നും ചട്ടലംഘത്തിന് നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
പാക്കിസ്ഥാനിലെ അതിർത്തി പ്രദേശമായ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നിൽ തന്റെ ശാസ്ത്രീയ ഉപദേശം ഉണ്ടായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തലിനെതിരേ സമൂഹമാധ്യങ്ങളിൽ പരിഹാസശരങ്ങൾ തുടരുകയാണ്.
മഴയും മേഘങ്ങളും ഉള്ളപ്പോൾ ഫെബ്രുവരി 26നു വ്യോമാക്രമണം നടത്താൻ വ്യോമസേനയോടു നിർദേശിച്ചതുതാനാണെന്നും പാക്കിസ്ഥാനിലെ റഡാറുകളെ മേഘങ്ങൾ മറയ്ക്കുമെന്നു താൻ ഉപദേശിച്ചെന്നുമാണ് നരേന്ദ്ര മോദി പറഞ്ഞത്. ന്യൂസ് നേഷൻ എന്ന ടിവി ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പരാമർശം. അഭിമുഖം പുറത്തുവന്നതിനു പിന്നാലെ ഇതു ട്വീറ്റ് ചെയ്ത ബിജെപി, സംഭവം വിവാദമായതോടെ അതു പിൻവലിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here