‘ലൂസിഫറി’ലെ ഡിലീറ്റഡ് സീൻ പങ്കു വെച്ച് മോഹൻലാലിന് പൃഥ്വിയുടെ പിറന്നാൾ ആശംസ: വീഡിയോ

ലൂസിഫർ എന്ന ചിത്രം മലയാളികൾക്ക് ഒരു ആഘോഷമായിരുന്നു. മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാൽ എന്ന അതുല്യപ്രതിഭ വെള്ളിത്തിരയിൽ നിറഞ്ഞാടിയ മറ്റൊരു മാസ് ചിത്രം തന്നെയായിരുന്നു നടൻ പൃഥ്വിരാജ് സംവിധാനം നിർവഹിച്ച ലൂസിഫർ. ചിത്രത്തിലെ നീക്കം ചെയ്ത ഒരു സീൻ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. ലാലേട്ടന്റെ പിറന്നാൾ ദിനത്തിലാണ് ഈ സീൻ പുറത്തുവിട്ടിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ 200 കോടി കടന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അഭിനയത്തിൽ വിസ്‌മയം സൃഷ്ടിക്കുന്ന മോഹൻലാൽ എന്ന കലാകാരനെ മലയാളികൾ കാണാൻ ആഗ്രഹിച്ച രീതിയിൽ സമ്മാനിക്കാൻ പൃഥ്വിക്ക് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകൻ പുലർത്തിയ മികവ് അസാമാന്യമെന്ന് തന്നെ ലൂസിഫറിനെക്കുറിച്ച് പറയാം.

ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് ലാലേട്ടൻ അഭിനയിച്ചത്. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ടോവിനോ തോമസ്, സായി കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സാനിയ അയ്യപ്പൻ, ബോളിവുഡ് താരം വിവേക് ഒബ്‌റോയ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top