Advertisement

എ പി അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് ചികിത്സക്ക് കൊണ്ടുപോകണമെന്ന് കെ സുധാകരൻ

June 5, 2019
Google News 0 minutes Read

എ പി അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ എം പി. അവസരവാദിയായ രാഷ്ട്രീയക്കാരനാണ് അബ്ദുള്ളക്കുട്ടിയെന്ന് സുധാകരൻ പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഒരു കാലത്തും ആർക്കും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നയാളാണ് അബ്ദുള്ളക്കുട്ടി. അദ്ദേഹത്തെ കുതിരവട്ടത്ത് ചികിത്സയ്ക്ക് കൊണ്ടുപോകണമെന്നും സുധാകരൻ പറഞ്ഞു.

സിപിഐഎം വിട്ട അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് താൻ വാക്ക് നൽകിയിരുന്നു. ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനാണ്. കണ്ണൂർ മണ്ഡലം നൽകിയത് സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നു. ഒന്നര വർഷത്തിന് ശേഷമുള്ള അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നു. രണ്ടാം തവണ അവസരം നൽകിയത് ഹൈക്കമാൻഡിന്റെ നിർദ്ദേശ പ്രകാരമായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.

അബ്ദുള്ളക്കുട്ടി ഇപ്പോൾ പോകാനുള്ള താവളം കണ്ടത്തുകയാണ്. വഴിയോരത്തെ രാത്രി മാംസ കച്ചവടക്കാരെ പോലെ കാത്തിരിക്കുകയാണ് ബിജെപി. തറവാടിത്തമില്ലാത്ത തറവാടിത്തത്വത്തിന്റെ പിന്നാമ്പുറം അവകാശപ്പെടാനില്ലാത്ത പാർട്ടിയാണെന്ന് ബിജെപി തെളിയിക്കുകയാണ്. ബിജെപിയുടേത് തരം താണ രാഷ്ട്രീയമാണെന്നും കെ സുധാകരൻ പറഞ്ഞു.

അബ്ദുള്ളക്കുട്ടിക്കെതിരെ വി എം സുധീരൻ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ട്. ഏകനായാണ് അബ്ദുള്ളക്കുട്ടി കോൺഗ്രസിലേക്ക് വന്നത്. ബിജെപിക്കാർ പോലും മോദിയെ ഗാന്ധിയോട് ഉപമിക്കില്ലെന്നും അബ്ദുള്ളക്കുട്ടി അത് ചെയ്തുവെന്നും സുധാകരൻ വിമർശിച്ചു.

പി ജയരാജൻ എന്തിനാണ് സി ഒ ടി നസീറിനെ സന്ദർശിച്ചതെന്ന് വ്യക്തമാക്കണം. സി ഒ ടി യെ ആക്രമിച്ചതിന് പിറകിലുള്ളവരെ കണ്ടെത്തണം. നസീറിന് നീതി ലഭിക്കാൻ എല്ലാവിധ സഹായവും നൽകും. കേസ് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നതായും സുധാകരൻ കുറ്റപ്പെടുത്തി.

കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അതിന് പിന്നിൽ കെ സുധാകരനും സതീശൻ പാച്ചേനിയുമാണെന്ന് വ്യക്തമാക്കി അബ്ദുള്ളക്കുട്ടി രംഗത്തുവന്നിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് തന്നോട് വ്യക്തി വിരോധമാണെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. മോദിയെ സ്തുതിച്ചുെകാണ്ടുള്ള നിലപാടിൽ അബ്ദുള്ളക്കുട്ടി ഉറച്ചുനിൽക്കുകയും ചെയ്തു. ട്വന്റിഫോറിന്റെ ത്രീസിക്‌സ്ടിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here