ഷാങ്ഹായ് ഉച്ചകോടിക്ക് നാളെ തുടക്കമാകും; കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ഷാങ്ഹായ് ഉച്ചകോടിക്ക് നാളെ തുടക്കമാകും. കിര്‍ഗിസ്ഥാന്‍ തലസ്ഥാനനഗരമായ ബിഷ്‌കേക്കില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
അംഗരാജ്യങ്ങള്‍ക്കിടയിലെ സാമ്പത്തിക സഹകരണം, ഭീകരവാദം, വിഘടനവാദം തുടങ്ങിയവയാണ് നാളെയും മറ്റന്നാളുമായി നടക്കുന്ന ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കത്തിനിടെ നടക്കുന്നു എന്നതും ബിഷ്‌കേക്ക് ഉച്ചകോടിയുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എന്നിവരുമായി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. എന്നാല്‍ പാകിസ്ഥാനുമായി യാതൊരു ചര്‍ച്ചക്കും സാധ്യതയില്ലെന്ന സൂചനയാണ് ഇന്ത്യന്‍ വിദേശകാര്യം മന്ത്രാലയം നല്‍കുന്നത്. പാകിസ്ഥാന്‍ വ്യോമപരിധി ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും മധ്യപൂര്‍വ ഏഷ്യന്‍ രാജ്യങ്ങളുടെ വ്യോമപരിധിയിലൂടെയാണ് പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്ക് പറന്നത്.
ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ 19-ാം മത് ഉച്ചകോടിയാണ് ഇത്തവണത്തേത്. നാറ്റോയ്ക്ക് ബദലായി ചൈനയുടെ നേതൃത്വത്തില്‍ 1996-ലാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചത്. ചൈനയ്ക്കുപുറമേ കസാഖ്സ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നിവയായിരുന്നു തുടക്കത്തിലെ അംഗരാജ്യങ്ങള്‍. 2017 ലാണ് ഇന്ത്യയ്ക്കും പാകിസ്താനും പൂര്‍ണ അംഗത്വം ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here