കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം; ബാലഭാസ്‌ക്കറിന്റെ വാഹനം ബുധനാഴ്ച പൊളിച്ച് പരിശോധിക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടത്തിൽപ്പെട്ട കാർ പൊളിച്ചു പരിശോധിക്കാൻ ഫോറൻസിക് സംഘം. മംഗലപുരം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന കാർ ബുധനാഴ്ച പൊളിച്ച് പരിശോധിക്കാനാണ് ഫോറൻസിക് സംഘം തീരുമാനിച്ചിരിക്കുന്നത്. പൊളിച്ചു പരിശോധിക്കുന്നതോടെ കൂടുതൽ തെളിവുകൾ ലഭിച്ചേക്കുമെന്നാണ് സൂചന.
നേരത്തെ ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലവും കാറും ക്രൈംബ്രാഞ്ചും ഫോറൻസിക് സംഘവും പരിശോധിച്ചിരുന്നു. ബാലഭാസ്‌ക്കറിന്റെ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘവും, ഫോറൻസിക് സംഘവുമായിരുന്നു അന്ന് പരിശോധന നടത്തിയത്. വാഹനം പൊളിച്ചു പരിശോധിക്കുന്ന കാര്യം ഡിവൈഎസ്പി ഹരികൃഷ്ണൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കിടെ വാഹനത്തിനുള്ളിലെ രക്തം, മുടി, വാഹനത്തിന്റെ അവശിഷ്ടങ്ങൾ എന്നിവയുടെ സാമ്പിളുകൾ ഫോറൻസിക് സംഘം ശേഖരിച്ചിരുന്നു. ഇവ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
അതേസമയം, തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതി സുനിൽ കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ബാലഭാസ്‌ക്കറിനെ പരിചയമുണ്ടെന്ന് സുനിൽകുമാർ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി. സ്വർണ്ണക്കടത്തിലേക്ക് എത്തുന്നത് പ്രകാശ് തമ്പി വഴിയാണെന്നും തനിക്ക് അതുമായി ബന്ധമുണ്ടായിരുന്നില്ലെന്നും സുനിൽ കുമാർ വെളിപ്പെടുത്തി. ഡിആർഐക്ക് നൽകിയ അതേ മൊഴിയാണ് സുനിൽ കുമാർ ക്രൈംബ്രാഞ്ചിനും നൽകിയത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസും ബാലഭാസ്‌ക്കറിന്റെ അപകടമരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സുനിൽകുമാറിനെ ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത ആദ്യ രണ്ടു പേർ സുനിൽകുമാറും, സെറീന ഷാജിയുമായിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ ബന്ധുവാണ് സുനിൽകുമാർ. പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.