‘നോ കമന്റ്‌സ്’; രാജു നാരായണ സ്വാമിയുടെ ആരോപണത്തോട് പ്രതികരിക്കാതെ ചീഫ് സെക്രട്ടറി

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയുടെ ആരോപണത്തോട് പ്രതികരിക്കാതെ ചീഫ് സെക്രട്ടറി ടോം ജോസ്. മലപ്പുറത്ത് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാൻ ചീഫ് സെക്രട്ടറി തയ്യാറായില്ല. ചോദ്യങ്ങൾക്ക് ‘നോ കമന്റ്‌സ്’ എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.

രാജു നാരായണസ്വാമിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതാണ് വിവാദങ്ങൾക്കിടയാക്കിയിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള നാരായണസ്വാമിയെ പിരിച്ചുവിടാനുള്ള ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയതായാണ് സൂചന. കേന്ദ്ര സർവീസിൽ നിന്ന് തിരികെയെത്തിയത് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല, നിരുത്തരവാദിത്വപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണസ്വാമിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. 10 വർഷം കൂടി സർവീസ് കാലാവധി ശേഷിക്കെയാണ് രാജു നാരായണസ്വാമിക്കെതിരെ സർക്കാർ നടപടിയെടുക്കാൻ ഒരുങ്ങുന്നത്.

അഴിമതികൾ കണ്ടുപിടിച്ചതിനുള്ള പ്രതിഫലമാകാം തനിക്കെതിരെയുള്ള ഇത്തരം നീക്കങ്ങളെന്ന് രാജു നാരായണസ്വാമി പ്രതികരിച്ചു. പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും രാജു നാരായണസ്വാമി വ്യക്തമാക്കി.തന്നെ പിരിച്ചുവിടാനുള്ള തീരുമാനത്തെപ്പറ്റി മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. ഇത്തരമൊരു നീക്കമുണ്ടെങ്കിൽ നിയമപരമായി നേരിടും. സർക്കാർ തന്നെ ഏറെ നാളായി വേട്ടയാടുകയാണ്. മൂന്നാർ നടപടി മുതൽ വേട്ടയാടൽ തുടരുന്നു. അഴിമതിക്കെതിരെ നിന്നാൽ തകർക്കുക എന്ന സംവിധാനത്തിന്റെ ഭാഗമാണ് തനിക്കെതിരെയുള്ള നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top