കേരള കോൺഗ്രസിന് പിന്നാലെ യൂത്ത് ഫ്രണ്ടും പിളർന്നു; രണ്ടിടങ്ങളിലായി ജൻമദിനാഘോഷം

കേരള കോൺഗ്രസിന് പിന്നാലെ പാർട്ടിയുടെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടും പിളർന്നു. സംഘടനയുടെ ജന്മദിനാഘോഷം പി.ജെ ജോസഫ് അനുകൂലികൾ തിരുവനന്തപുരത്തും ജോസ് കെ മാണി വിഭാഗം കോട്ടയത്തും വെവ്വേറെ ചടങ്ങുകളായി സംഘടിപ്പിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിനെ പുറത്താക്കിയെന്നും സാജൻ തൊടുകയെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തെന്നും ജോസ് കെ.മാണി പക്ഷം വ്യക്തമാക്കി. എന്നാൽ ആൾക്കൂട്ടം ചെയർമാനെ തെരഞ്ഞെടുത്തത് പോലെയുള്ള തീരുമാനമാണ് ഇതുമെന്ന് പി.ജെ ജോസഫ് പരിഹസിച്ചു.
രാവിലെ സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിലാണ് പി.ജെ ജോസഫ് അനുകൂലികൾ തിരുവനന്തപുരത്ത് യൂത്ത് ഫ്രണ്ട് ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ഇതേ സമയം തന്നെ ജോസ് കെ മാണി വിഭാഗം കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ സജി മഞ്ഞക്കടമ്പിലിനെ പുറത്താക്കി. സാജൻ തൊടുകയെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.
Read Also; കേരള കോൺഗ്രസിലെ പൊതുധാരണകൾ എങ്ങനെ നടപ്പാക്കണമെന്ന് അറിയാത്തവരോട് സഹതാപമെന്ന് ജോസ് കെ മാണി
പി.ജെ ജോസഫ്, സി.എഫ് തോമസ് എന്നിവരടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തിരുവനന്തപുരത്ത് യൂത്ത് ഫ്രണ്ട് യോഗം. യൂത്ത് ഫ്രണ്ടിന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത് ആൾക്കൂട്ടം പാർട്ടി ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തത് പോലെയുള്ള നടപടി മാത്രമാണെന്നായിരുന്നു പി.ജെ ജോസഫിന്റെ പ്രതികരണം. കേരള കോൺഗ്രസിലെ പിളർപ്പിന് ശേഷം ജില്ലാ കമ്മിറ്റികൾ പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ ഇരു വിഭാഗവും നടത്തുന്നതിനു പിന്നാലെയാണ് പോഷക സംഘടനകളിലേക്കും പിളർപ്പ് വ്യാപിക്കുന്നത്.