രാജു നാരായണ സ്വാമിയെ പിരിച്ചുവിടാൻ നീക്കം; അഴിമതികൾ കണ്ടു പിടിച്ചതിനുള്ള പ്രതിഫലമെന്ന് രാജു നാരായണസ്വാമി

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നീക്കം. അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയതായാണ് വിവരം. കേന്ദ്ര സർവീസിൽ നിന്ന് തിരികെയെത്തിയത് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല, നിരുത്തരവാദിത്വപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണസ്വാമിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. 10 വർഷം കൂടി സർവീസ് കാലാവധി ശേഷിക്കെയാണ് രാജു നാരായണസ്വാമിക്കെതിരെ സർക്കാർ നടപടിയെടുക്കാൻ ഒരുങ്ങുന്നത്.

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാനൊരുങ്ങുന്നത്. എസ്എസ്എൽസി,ഐഐടി,സിവിൽ സർവീസ് പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയയാളാണ് രാജു നാരായണസ്വാമി. അതേ സമയം അഴിമതികൾ കണ്ടുപിടിച്ചതിനുള്ള പ്രതിഫലമാകാം തനിക്കെതിരെയുള്ള ഇത്തരം നീക്കങ്ങളെന്ന് രാജു നാരായണസ്വാമി പ്രതികരിച്ചു. പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും രാജു നാരായണസ്വാമി വ്യക്തമാക്കി.

തന്നെ പിരിച്ചുവിടാനുള്ള തീരുമാനത്തെപ്പറ്റി മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. ഇത്തരമൊരു നീക്കമുണ്ടെങ്കിൽ നിയമപരമായി നേരിടും. സർക്കാർ തന്നെ ഏറെ നാളായി വേട്ടയാടുകയാണ്. മൂന്നാർ നടപടി മുതൽ വേട്ടയാടൽ തുടരുന്നു. അഴിമതിക്കെതിരെ നിന്നാൽ തകർക്കുക എന്ന സംവിധാനത്തിന്റെ ഭാഗമാണ് തനിക്കെതിരെയുള്ള നീക്കം. നാളികേര വികസന ബോർഡിൽ കോടികളുടെ അഴിമതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ കർശന നടപടികൾ സ്വീകരിച്ചതിന്റെ ഫലമാണ് തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതിനെതിരെ നൽകിയ പരാതിയിൽ ട്രൈബ്യൂണലിൽ കേസ് നടക്കുകയാണ്. ഇതു കൊണ്ടാണ് കേരള കേഡറിൽ മറ്റു പദവികൾ ഏറ്റെടുക്കാത്തതെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നതായും രാജു നാരായണ സ്വാമി വ്യക്തമാക്കി.

ജേക്കബ് തോമസിനെപ്പോലെയുള്ളവർക്ക് സംഭവിച്ചതിന്റെ തുടർച്ചയാണ് ഇത്തരം നീക്കങ്ങൾ. ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല. മഹാരാഷ്ട്ര ഭൂമിയിടപാട് കേസിലും കെഎംഎംഎൽ കേസിലും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥന് അഴിമതിക്കെതിരെയുള്ള തന്റെ നിലപാട് പ്രശ്‌നമായിട്ടുണ്ട്. മൂന്ന് മാസമായി തനിക്ക് ശമ്പളമില്ല. തിരിച്ച് സംസ്ഥാന സർക്കാരിലേക്ക് പോയാൽ നാളികേര വികസന ബോർഡിൽ താൻ തുടങ്ങിവെച്ച അഴിമതി വിരുദ്ധ നടപടികൾ പൂർത്തികരിക്കാനാകില്ല. അഴിമതിക്കെതിരായ തന്റെ പോരാട്ടം തുടരുമെന്നും രാജു നാരായണസ്വാമി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top