മികച്ച അഭിപ്രായം നേടിയിട്ടും തിയേറ്ററുകൾ കാണാതെ നീർമാതളം പൂത്ത കാലം; കാരണം പറഞ്ഞ് അണിയറ പ്രവർത്തകർ ഫേസ്ബുക്ക് ലൈവിൽ

കാണുന്നവർ മികച്ച അഭിപ്രായം പറയുന്നുണ്ടെങ്കിലും കൂടുതൽ തിയേറ്ററുകളിലേക്ക് പുതുമുഖ ചിത്രം ‘നീർമാതളം പൂത്ത കാലം’ എത്താത്തതിന്റെ കാരണം വ്യക്തമാക്കി സിനിമയുടെ അണിയറ പ്രവർത്തകർ ഫേസ്ബുക്ക് ലൈവിൽ. സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ സിനിമ തിയേറ്ററുകളിൽ എത്തിയതു പോലും അറിഞ്ഞിട്ടില്ലെന്ന് സംവിധായകൻ പറയുന്നു. സിനിമ തിയേറ്ററുകളിൽ എത്താത്തതിന് പിന്നിൽ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂട്ടർ സുരേഷ് തിരുവല്ലയാണെന്നും അയാൾ പണം വാങ്ങി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും സംവിധായകൻ പറയുന്നു.

ജൂൺ 28 നാണ് നീർമാതളം പൂത്ത കാലം തിയേറ്ററുകളിൽ എത്തിയത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി 27 വരെ തങ്ങൾ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. നാട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് സിനിമയുടെ പോസ്റ്ററു പോലും പലയിടങ്ങളിലും പതിച്ചിട്ടില്ലെന്ന കാര്യം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. സിനിമയുടെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ വൈറ്റ് പേപ്പർ മീഡിയയാണ് ഇതിന് പിന്നിൽ. പണം വാങ്ങിയ ശേഷം സിനിമയുടെ പ്രൊമോഷന് വേണ്ടി അവർ ഒന്നും ചെയ്തില്ല. നാൽപതോളം തിയേറ്ററുകൾ പിടിച്ചു തരാമെന്നാണ് അവർ പറഞ്ഞത്. സംസ്ഥാനത്തിന് പുറത്തും എല്ലാ ജില്ലകളിലും പോസ്റ്ററുകൾ പതിപ്പിക്കാമെന്നും അവർ ഏറ്റിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. തിയേറ്റർ ഉടമകളുടെ അടുത്ത് ചെന്ന് ഇത് പുതിയ സിനമയാണെന്നും ആളുകൾ ഉണ്ടെങ്കിൽ പോലും അധിക ദിവസം സിനിമ ഓടിക്കേണ്ട എന്നുവരെ വൈറ്റ് പേപ്പർ മീഡിയയിലെ ആളുകൾ പറഞ്ഞതായാണ് പിന്നീട് അറിയാൻ കഴിഞ്ഞതെന്നും അണിയറ പ്രവർത്തകർ പറയുന്നു.

എൺപതിലധികം പേർ ഒന്നര വർഷത്തോളം കഷ്ടപ്പെട്ടാണ് സിനിമ ഒരുക്കിയത്. സിനിമയ്ക്ക് മികച്ച അഭിപ്രായം ഉണ്ടെന്നറിയുമ്പോൾ സന്തോഷമുണ്ടെന്നും എന്നാൽ തിയേറ്ററുകളിലേക്ക് എത്താത്തതിൽ സങ്കടമുണ്ടെന്നും അണിയറപ്രവർത്തകർ പറഞ്ഞു. സിനിമയെ സ്വപ്‌നം കാണുന്ന ആർക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകരുതെന്നും അണിയറ പ്രവർത്തർ വ്യക്തമാക്കി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top