Advertisement

ശബരിമലയിലേക്കുള്ള അളന്നുതിരിക്കാത്ത തിരുവാഭരണ പാത സ്വകാര്യ വ്യക്തികള്‍ കൈയ്യേറുന്നു

July 7, 2019
Google News 0 minutes Read

ശബരിമലയിലേക്കുള്ള തിരുവാഭരണപാത സ്വകാര്യ വ്യക്തികള്‍ കൈയേറി. റാന്നി വില്ലേജിലെ അളന്നുതിരിക്കാത്ത ഏക്കര്‍ കണക്കിനു ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈയേറിയത്. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ, വില്ലേജ് ഓഫീസില്‍ നിന്ന്‌ കൈയേറ്റ ഭൂമിക്ക് കരം അടയ്ക്കുകയും, ലക്ഷക്കണക്കിന് രൂപ വിലയുള്ള ഭൂമി സ്വന്തം പേരിലാക്കുകയും ചെയ്തു.

പന്തളത്തുനിന്നും ശബരിമലയിലേക്ക് തിരുവാഭരണവുമായി പോകുന്നത് ശബരിമല വില്ലേജ് റോഡ് എന്നറിയപ്പെടുന്ന ഈ വഴിയിലൂടെയാണ്. തിരുവാഭരണപാതയുടെ ഭാഗമായുള്ള റാന്നി ബ്ലോക്ക് ഓഫീസിനു സമീപത്തായാണ് ഏക്കര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയത്. ചെറുതും വലുതുമായ 495 കൈയേറ്റങ്ങളാണ് ഇതുവരെ കണ്ടെത്തിത്. എന്നാല്‍ കൈയേറ്റം കണ്ടെത്തിയെങ്കിലും ഇതു ഒഴിപ്പിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പുറമ്പോക്കായി കിടക്കുന്ന ഭൂമിയുടെ സമീപത്തു കരമടയ്ക്കുന്ന വസ്തുവിന്റെ മറവിലാണ് സ്വകാര്യ വ്യക്തികള്‍ ഭൂമി കൈയേറിയത്.

റീസര്‍വേ കൂടി നടന്നതോടെ മിക്ക കൈയേറ്റങ്ങളും സാധൂകരിക്കുന്ന സ്ഥിതിയായി. റീസര്‍വേ പ്രാബല്യത്തില്‍ വന്നതോടെ കൈയേറ്റക്കാര്‍ പലരും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൈയേറ്റ ഭൂമി കരം അടച്ചു. റീസര്‍വേ നമ്പര്‍ പ്രകാരം പുതിയ തണ്ടപ്പേരു സ്വന്തമാക്കിയാണ് കരമടച്ചതെന്ന് വില്ലേജ് ഓഫീസിലെ രേഖകള്‍ വ്യക്തമാക്കുന്നു.റീസര്‍വേയിലെ അപാകതകളാണ് ഇതിനായി കൈയേറ്റക്കാര്‍ മുതലെടുത്തത്. ഉടമസ്ഥാഥാവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയ്ക്കിരിക്കുന്ന കേസുകളില്‍ ഈ കരമടച്ച രസീതുകളാണ് പ്രധാന തെളിവായി ഹാജരാക്കിയിട്ടുള്ളത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രാമപുരം ക്ഷേത്രത്തിന്റെ ഭാഗമായുണ്ടായിരുന്ന രണ്ടേക്കര്‍ ഭൂമിയും കൈയേറിയിരുന്നു. ഇതു പ്രത്യേക തഹസീല്‍ദാരെ ഉപയോഗിച്ച് ദേവസ്വം ബോര്‍ഡ് അളന്നുതിരിച്ച് വീണ്ടെടുത്തു. എന്നാല്‍ തിരുഭാവാഭരണ പാതയിലെ മറ്റു കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനോ നടപടിയെടുക്കാനോ റവന്യൂ അധികൃതര്‍ തയാറായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here