അണക്കെട്ട് തകർത്തത് ഞണ്ടുകളാണെന്നവകശപ്പെട്ട മന്ത്രിയുടെ വീടിനു ചുറ്റും ഞണ്ടുകൾ വിതറി പ്രതിഷേധം; വീഡിയോ

മഹാരാഷ്ട്രയില്‍ നിരവധിപേരുടെ മരണത്തിനിടയാക്കിയ തിവ്‌രെ അണക്കെട്ടു തകര്‍ച്ച ഞണ്ടുകള്‍ മൂലമാണെന്ന സംസ്ഥാന ജലമന്ത്രി തനാജി സാവന്തിന്റെ പരാമര്‍ശത്തിനെതിരെ വേറിട്ട സമരവുമായി എന്‍സിപി പ്രവര്‍ത്തകര്‍. മന്ത്രിയുടെ വീടിനും ചുറ്റും ഞണ്ടുകളെ വിതറിയായിരുന്നു പ്രതിഷേധം. സംഭവത്തിൻ്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

ഞണ്ടുകളുടെ ചിത്രമുള്ള മുഖം മൂടി ധരിച്ച പ്രതിഷേധക്കാര്‍ ഒരു കൂടയിൽ നിന്നും ഞണ്ടുകളെ കുടഞ്ഞ് നിലത്തേക്കിടുന്നത് വീഡിയോയിൽ കാണാം.

‘അണക്കെട്ട് 2004 മുതല്‍ പ്രവര്‍ത്തനക്ഷമമാണ്. കഴിഞ്ഞ 15 വര്‍ഷമായി അതില്‍ വെള്ളം സംഭരിക്കുന്നു. ഒന്നും സംഭവിച്ചില്ല. പക്ഷേ, അണക്കെട്ടിനകത്തെ ഞണ്ടുകള്‍ വലിയ പ്രശ്‌നമായിരുന്നു. അടുത്തകാലത്തായി ചോര്‍ച്ചകളുണ്ടാവാനുള്ള കാരണവും അതായിരുന്നു’- ഇതായിരുന്നു തനാജി സാവന്തിൻ്റെ പ്രസ്താവന.

പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം ഇതിനെ കളിയാക്കുകയും വിമര്‍ശിക്കുകയുംചെയ്തു. ഞണ്ടിന്റെ മറ്റു ‘കഴിവുകള്‍’ കൂടി മന്ത്രി പറഞ്ഞാല്‍ക്കൊള്ളാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ കളിയാക്കല്‍. അഴിമതിക്കാരായ വന്‍ സ്രാവുകളെ രക്ഷപ്പെടുത്താന്‍ പാവം ഞണ്ടിനെതിരേ ആരോപണമുന്നയിക്കുകയാണ് മന്ത്രിയെന്നും പ്രതിപക്ഷ നേതാക്കള്‍ കളിയാക്കി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top