അജിത്തിന്റെ ‘നേർക്കൊണ്ട പാർവൈ’യ്ക്ക് ടിക്കറ്റ് ലഭിച്ചില്ല; ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താനൊരുങ്ങി ആരാധകൻ

ഇഷ്ടതാരത്തിന്റെ ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആരാധകൻ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ചെന്നൈയിലാണ് സംഭവം. അജിത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന നേർകൊണ്ട പാർവൈയ്ക്ക് ടിക്കറ്റ് ലഭിക്കാതെ വന്നതോടെയാണ് ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചത്. തെന്നിന്ത്യൻ താരങ്ങളായ ഭാഗ്യരാജിന്റെയും പൂർണിമ ഭാഗ്യരാജിന്റെയും മകനും നടനുമായ ശന്തനു ഭാഗ്യരാജാണ് സംഭവം ട്വീറ്റ് ചെയ്ത്.

ചെന്നൈ റോയപ്പേട്ടയിലെ സത്യം സിനിമാസിലാണ് താനിപ്പോൾ ഉള്ളതെന്നും അവിടെ തൊട്ടടുത്തു നിൽക്കുന്നയാൾ ദേഹത്താകെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ തീപ്പെട്ടി അന്വേഷിക്കുകയാണെന്നും ശന്തനു ട്വീറ്റ് ചെയ്തു. അജിത്ത് ചിത്രം നേർകൊണ്ട പാർവൈ കാണാനെത്തിയതാണ് അയാൾ. ടിക്കറ്റ് ലഭിക്കാത്തതു സംബന്ധിച്ച വിഷയത്തിൽ തിയേറ്റർ അധികൃതരുമായി തർക്കമുണ്ടായതിനു പിന്നാലെയാണ് ജീവൻ കളയാനുള്ള ശ്രമം നടത്തിയത്. അജിത്ത് മാത്രമല്ല, ഒരു താരവും ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും കേവലം ഒരു സിനിമാ ടിക്കറ്റിനെക്കാൾ വലുത് ജീവനാണെന്നും ശന്തനു ട്വീറ്റ് ചെയ്യുന്നു.


ദേഹത്ത് തീ കൊളുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇക്കാര്യവും ശന്തനു ട്വീറ്റിൽ സൂചിപ്പിച്ചു. സംഭവത്തെക്കുറിച്ച് ദുഷ്പ്രചരണങ്ങളോ ട്രോളുകളോ അരുതെന്നും ഇക്കാര്യം പൊതുജനശ്രദ്ധയിലേക്കെത്തിക്കാൻ വേണ്ടിയാണ് താൻ ട്വീറ്റ് ചെയ്തതെന്നും ശന്തനു വ്യക്തമാക്കി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More