ഹജ്ജ് കര്‍മങ്ങള്‍ നാളെ ആരംഭിക്കും; തീര്‍ഥാടകര്‍ ഇന്ന് രാത്രി മുതല്‍ മിനായിലേക്ക് നീങ്ങി തുടങ്ങും

ഹജ്ജ് കര്‍മങ്ങള്‍ നാളെ ആരംഭിക്കും. തീര്‍ഥാടകര്‍ ഇന്ന് രാത്രി മുതല്‍ മിനായിലേക്ക് നീങ്ങി തുടങ്ങും. ഇന്ത്യയില്‍ നിന്നും ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി ഏഴുന്നൂറ്റി നാല്‍പ്പത്തിയേഴ് തീര്‍ഥാടകര്‍ മക്കയിലെത്തി.

നാളെ ഉച്ചക്ക് മിനായില്‍ താമസിക്കുന്നതോടെയാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. തീര്‍ഥാടക ലക്ഷങ്ങള്‍ ഇന്ന് രാത്രി മുതല്‍ മിനായിലേക്ക് നീങ്ങിതുടങ്ങും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവ് അവസാനിച്ചു. ജൂലൈ നാല് മുതല്‍ ഓഗസ്റ്റ് അഞ്ച് വരെ വിദേശ രാജ്യങ്ങളില്‍ നിന്നും ജിദ്ദയിലേക്ക് 7,389 ഹജ്ജ് വിമാനങ്ങളും മദീനയിലേക്ക് 4322 ഹജ്ജ് വിമാനങ്ങളും സര്‍വീസ് നടത്തി. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് 18,38,339 തീര്‍ഥാടകര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഹജ്ജിനെത്തി. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ഇന്നലെ അവസാനിച്ചു. ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റി വഴി 139959 തീര്‍ഥാടകരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 50788 തീര്‍ഥാടകരുമാണ് ഇന്നലെ വരെ ഹജ്ജിനെത്തിയത്. മിനായിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍.

അതേസമയം ഇന്തയില്‍ നിന്നെത്തിയ ഹജ്ജ് സൗഹൃദ സംഘാംഗങ്ങളായ നവാബ് മുഹമ്മദ് അബ്ദുല്‍ അലി, സയിദ് ഗയോരുള്‍ ഹസന്‍ രിസ് വി, ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സഈദ് തുടങ്ങിയവര്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആസ്ഥാനത്തും തീര്‍ഥാടകരുടെ താമസ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി. ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ സംഘം വിലയിരുത്തി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More