ഹജ്ജ് കർമ്മങ്ങൾ അവസാനിച്ചു; ശനിയാഴ്ച മുതൽ മടക്കയാത്ര

ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു. തീര്‍ഥാടകര്‍ മിനായില്‍ നിന്ന് മടങ്ങി. ഇന്ത്യയില്‍ നിന്നുള്ള രണ്ട് ലക്ഷത്തോളം തീര്‍ഥാടകര്‍ സുഗമമായി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു.

മിന, അറഫ, മുസ്ദലിഫ എന്നീ സ്ഥലങ്ങളില്‍ ആറു ദിവസങ്ങളായി നീണ്ടു നിന്ന കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍ഥാടക ലക്ഷങ്ങള്‍ മിനായോട് വിടപറഞ്ഞു. വിദേശ തീര്‍ഥാടകര്‍ നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യയില്‍ നിന്നെത്തിയ എല്ലാ തീര്‍ഥാടകരും കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മക്കയിലെ താമസ സ്ഥലങ്ങളില്‍ തിരിച്ചെത്തി. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഹജ്ജ് ഓപറേഷന്‍ വിജയകരമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സഈദ് മക്കയില്‍ പറഞ്ഞു.

കുറ്റമറ്റ സേവനം ഉറപ്പ് വരുത്തിയ ഇന്ത്യന്‍ ഹജ്ജ്മിഷനെ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സൗഹൃദ സംഘത്തെ നയിക്കുന്ന പ്രിന്‍സ് ഓഫ് ആര്‍ക്കോട്ട്, നവാബ് മുഹമ്മദ്‌ അബ്ദുല്‍ അലി പ്രശംസിച്ചു.

സമാധാനപരമായ ഹജ്ജ് കര്‍മത്തിന് അവസരം ഒരുക്കിയ സൗദി ഗവണ്മെന്റിന് ഹജ്ജ് സൗഹൃദ സംഘം നന്ദി പറഞ്ഞു. മിന അറഫ മുസ്ദലിഫ എന്നീ സ്ഥലങ്ങളില്‍ വെച്ച് ഹജ്ജ് വേളയില്‍ പതിനൊന്നു ഇന്ത്യന്‍ ഹാജിമാര്‍ മരണപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ശനിയാഴ്ച ആരംഭിക്കും. ഓഗസ്റ്റ്‌ പതിനേഴ്‌ മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെയാണ് മലയാളീ തീര്‍ഥാടകരുടെ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More