പോസ്റ്റിന് താഴെ കമന്റിട്ടയാളുടെ തന്തക്ക് മുകേഷ് വിളിച്ചെന്ന് ആക്ഷേപം; പേജ് തന്റേതല്ലെന്ന് നടൻ

നടൻ മുകേഷിന്റേതെന്ന പേരിലുള്ള പേജിൽ ഒരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നൽകിയ മറുപടിയും വൈറലായി. മുകേഷ് എം എന്ന പേരിലുള്ള പേജിൽ പങ്കുവച്ച ചിത്രത്തിന് താഴെയാണ് കമന്റും മറുപടിയും വന്നിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മുകേഷ് നിൽക്കുന്ന ചിത്രമാണ് പോസ്റ്റു ചെയ്തത്. ഇതിന് താഴെ സിറാജ് ബിൻ ഹംസ എന്നയാൾ ‘കിളവന്മാർ എങ്ങോട്ടാ’ എന്ന കമന്റിട്ടു. ഇതിന് ‘ഞങ്ങടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോവുകയാ’ എന്നായിരുന്നു മറുപടി. തുടർന്നാണ് ആളുകൾ ഇത് ഏറ്റെടുത്തത്. അതേസമയം, സംഭവം നിഷേധിച്ച് മുകേഷ് എംഎൽഎ രംഗത്തെത്തി.

മറുപടി വൈറലായതിന് പിന്നാലെ ‘ഹംസക്ക’യെ കാണാൻ നിരവധി പേരാണ് പോസ്റ്റിന് താഴെയെത്തിയത്. പോസ്റ്റ് അവിടെ തന്നെയുണ്ടെങ്കിലും കമന്റും അതിന് നൽകിയ മറുപടിയും അപ്രത്യക്ഷമായിരുന്നു. കമന്റിട്ടയാളുടെ അച്ഛന് മുകേഷ് വിളിച്ചുവെന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഏഴ് മണിക്കൂർ മുൻപിട്ട പോസ്റ്റ് പതിമൂവായിരത്തിലധികം പേർ ലൈക്ക് ചെയ്തു. രണ്ടായിരത്തിലധികം പേരാണ് പോസ്റ്റിന് കമന്റിട്ടത്.

അതേസമയം, അത്തരത്തിലൊരു കമന്റിട്ടത് താനല്ലെന്ന് വ്യക്തമാക്കി നടൻ മുകേഷ് രംഗത്തെത്തി. സംഭവത്തെ കുറിച്ച് അറിയില്ലെന്ന് മുകേഷ് ട്വന്റിഫോറിനോട് പറഞ്ഞു. അച്ഛന് വിളിച്ചുവെന്ന തരത്തിലാണ് ആക്ഷേപം ഉയർന്നിരിക്കുന്നതെന്ന് പറഞ്ഞപ്പോൾ അത്തരത്തിൽ എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയുമെന്ന് മുകേഷ് ചോദിക്കുന്നു. നാട്ടിൽ നിരവധി കോമഡികളുണ്ടെന്നും ഇതൊരു കോമഡിയാണോ എന്നും മുകേഷ് ചോദിച്ചു. തന്റെ നിലപാടനുസരിച്ച് താൻ അങ്ങനെ പറയില്ല. പോസ്റ്റിട്ടിരിക്കുന്നത് തന്റെ ഔദ്യോഗിക പേജിലല്ല. അത് വ്യാജമാണ്. മുകേഷ് മാധവൻ എന്നുള്ളതാണ് തന്റെ അക്കൗണ്ടെന്നും മുകേഷ് അറിയിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More