രാമസേതു നിർമിച്ചത് ഇന്ത്യയിലെ എൻജിനീയർമാരെന്ന് കേന്ദ്രമന്ത്രി; നിശബ്ദരായി ഐഐടി വിദ്യാർത്ഥികൾ

രാമസേതു നിർമിച്ചത് ഇന്ത്യക്കാരായ എൻജിനീയർമാരാണെന്ന വാദവുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ. ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷ സംസ്‌കൃതമാണെന്നും മന്ത്രി പറഞ്ഞു. രാമസേതുവിനെ കുറിച്ചും സംസ്‌കൃതത്തെ കുറിച്ചും ഗവേഷണം നടത്തണമെന്നും എൻജിനീയർമാരോട് മന്ത്രി ആവശ്യപ്പെട്ടു. ഖരഗ്പൂർ ഐഐടിയിൽ നടന്ന ബിരുദ ദാന ചടങ്ങിലാണ് മന്ത്രിയുടെ അവകാശവാദം.
പുരാതനകാലത്ത് രാജ്യത്ത് മികച്ച എൻജിനീയർമാരുണ്ടായിരുന്നു എന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ഉദാഹരണത്തിന്, രാമസേതു നിർമിച്ചത് ആരാണ്? യുഎസിലെയും ബ്രിട്ടനിലെയും ജർമനിയിലെയും എൻജിനീയർമാരാണോ? അല്ല ഇന്ത്യക്കാരായ എൻജിനീയർമാരാണ് അത് നിർമിച്ചത്. ഇപ്പോഴും ഇത് ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസംഗം കേട്ട് സദസിലുണ്ടായിരുന്ന വിദ്യാർഥികൾ ഒന്നടങ്കം നിശബ്ദരായി. എന്തെങ്കിലും പറയൂ എന്നു ആവർത്തിച്ചപ്പോൾ വിദ്യാർത്ഥികൾ കൈയടിക്കുകയും ചെയ്തു. വിവാദ പരാമർശംകൊണ്ട് മുൻപും വാർത്തയിൽ ഇടംപിടിച്ച ആളാണ് രമേശ് പൊഖ്രിയാൽ. ഐസക് ന്യൂട്ടൺ ഗുരുത്വാകർഷണം കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ വേദങ്ങൾ അതേകുറിച്ച് പരാമർശിച്ചിരുന്നുവെന്നുള്ള രമേഷ് പൊഖ്രിയാലിന്റെ പരാമർശം ഏറെ വിവാദമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here