Advertisement

സേതുവിന്റെ ‘അടയാളങ്ങൾ’ അഭ്രപാളിയിലെത്തി; പ്രിവ്യൂ ഷോ കണ്ട് അതിശയിച്ച് ശ്രീകുമാരൻ തമ്പി

September 1, 2019
Google News 1 minute Read

പ്രശസ്ത നോവലിസ്റ്റ് സേതുവിൻ്റെ ‘അടയാളങ്ങൾ’ എന്ന നോവലിൻ്റെ ചലച്ചിത്രാവിഷ്കാരം അഭ്രപാളിയിലെത്തി. ‘ജലസമാധി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പ്രിവ്യൂ ഷോ ഇന്ന് തിരുവനന്തപുരത്ത് നടന്നു. വേണു ജി നായർ ആണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹത്തിൻ്റെ ആദ്യ സംവിധാന സംരംഭമാണിത്.

അന്തർദേശീയതലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ചിത്രമാണ്‌ ഇതെന്ന് സംവിധായകൻ ശ്രീകുമാരൻ തമ്പി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. നോവലിനെ ഉള്ളിൽ തട്ടും വിധം സിനിമയാക്കാൻ വേണുവിനു സാധിച്ചിട്ടുണ്ടെന്ന് സേതുവും അഭിപ്രായപ്പെട്ടു.

സേതുവിൻ്റെ കുറിപ്പ്:

ഞാൻ തിരക്കഥയും സംഭാഷണവും എഴുതി വേണു നായർ സംവിധാനം ചെയ്ത ജലസമാധി എന്ന സിനിമയുടെ പ്രിവ്യു ഇന്ന് തിരുവനന്തപുരത്തു വച്ചു നടന്നു. 2002 ലാണ് ഈ കഥ ആദ്യമായി മാതൃഭൂമിയിൽ പ്രസിദ്ധപ്പെടുത്തിയത്. തമിഴകത്തു ഒരു കാലത്തു ഉണ്ടായിരുന്ന ചടങ്ങനുസരിച്ച് ഉപയോഗമില്ലാത്ത വയസ്സരെ നിർബന്ധിത ദയാവധത്തിന് വിധേയമാക്കുന്നതാണ് ഇതിലെ പ്രമേയം. എം. കൃഷ്ണൻ നായർ ക്ലാസിക് എന്നു വിശേഷിപ്പിച്ച ഈ കഥയുടെ കേന്ദ്ര ബിന്ദുവിനെ ഒന്നു കൂടി വികസിപ്പിച്ചു എഴുതിയ അടയാളങ്ങൾ എന്ന നോവൽ 2006/2007ൽ വയലാർ അവാർഡും കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും നേടിയിരുന്നു.

ഇവയെ ആസ്പദമാക്കിയാണ് ഞാൻ തിരക്കഥക്ക് രൂപം കൊടുത്തത്. അതിനെ വളരെ ഉള്ളിൽ തട്ടുന്ന വിധം സിനിമയാക്കാൻ വേണുവിന് കഴിഞ്ഞിട്ടുണ്ട് (പ്രീവ്യൂവിന് എത്താൻ കഴിഞ്ഞില്ലെങ്കിലും ഞാൻ പടം നേരത്തെ കണ്ടിരുന്നു. ) ഇതിനെ നൂറു ശതമാനം ആത്മാർഥമായ സിനിമയെന്ന് പറയുമ്പോൾ അത് വേണു നായരുടെയും ടീമിന്റെയും നേട്ടമാണ്. പ്രധാന റോളിന് എം. എസ്. ഭാസ്ക്കർ എന്ന പ്രമുഖ തമിഴ് നടനെ കണ്ടെത്തുമ്പോൾ ഞങ്ങളുടെ പകുതി ഭാരവും കുറഞ്ഞു. സിനിമ കണ്ട ശേഷം താങ്കൾ ഈ റോളിന് വേണ്ടി ജനിച്ച ആളെന്നു ഞാൻ വിളിച്ചു പറയുമ്പോൾ അദ്ദേഹം റഷ്യയിലായിരുന്നു. അത് പോലെ ചെറുതും വലുതുമായ റോളുകൾ ചെയ്തവർ… പേരുകൾ എടുത്തു പറയുന്നില്ല.

സിനിമ കാണാനെത്തിയ ശ്രീകുമാരൻ തമ്പി, വി എം സുധീരൻ, സി ദിവാകരൻ തുടങ്ങിയവരും വലിയ അഭിപ്രായമാണ് പറഞ്ഞത്. വയസ്സായവരെ ദേവാലയങ്ങളിൽ നട തള്ളുന്ന കാലത്തു ഇത്തരം ശക്തമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ചുമതലയാണെന്നാണ് സുധീരൻ എന്നോട് പറഞ്ഞത്. ഒരു നിമിഷം പോലും സീറ്റിൽ നിന്ന് അനങ്ങാൻ തോന്നിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
പത്തിരുപത് കൊല്ലം മുമ്പ് എന്റെ 17 കഥകൾ ദൂരദര്ശന് വേണ്ടി അവതരിപ്പിച്ചതോടെയാണ് വേണുവുമായുള്ള ബന്ധം തുടങ്ങിയത്. പൊതുവെ നന്നായി എടുത്ത അതിന്റെ പകുതിയിലും തിരക്കഥ ഒരുക്കിയത് ഞാൻ തന്നെയായിരുന്നു. ഇപ്പോൾ വേണുവിന്റെ സർഗ്ഗപരമായ വൈഭവം അതിന്റെ ഔന്നത്യത്തിൽ എത്തിയതിൽ വളരെ സന്തോഷവും അഭിമാനവുമുണ്ട്. പറയാൻ ഒരുപാടുണ്ടെങ്കിലും ചുരുക്കുകയാണ്. അഭിനന്ദനങ്ങൾ, ആശംസകൾ.

ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here