ഓപ്പൺ സ്പേസിലും പാസ് നൽകാതെ സല; പരസ്യമായി ദേഷ്യം പ്രകടിപ്പിച്ച് മാനേ; ലിവർപൂളിൽ പടലപ്പിണക്കം?; വീഡിയോ

കളിച്ച നാലു മത്സരങ്ങളും വിജയിച്ചാണ് ലിവർപൂളിൻ്റെ പ്രീമിയർ ലീഗ് പോരാട്ടങ്ങൾ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബേൺലിയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് യൂറോപ്യൻ ചാമ്പ്യന്മാർ തകർത്തത്. തുടരെയുള്ള 13 ജയങ്ങളുമായി പ്രീമിയര്‍ ലീഗ് റെക്കോര്‍ഡും നിലവിൽ ലിവർപൂളിൻ്റെ പേർക്കാണ്. എന്നാൽ കളിക്കളത്തിലെ സല-മാനേ പോര് ഇതിനൊക്കെ കല്ലുകടി ആയിരിക്കുകയാണ്.

ഓപ്പൺ സ്പേസിൽ പാസ് നൽകാൻ വിസമ്മതിച്ച സലയും സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ശേഷം ബെഞ്ചിലിരുന്ന് പരസ്യമായി ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്ത മാനേയുമാണ് ലിവർപൂളിൽ പടലപ്പിണക്കമെന്ന അഭ്യൂഹങ്ങളിൽ നിറയുന്നത്. ഗോള്‍ പോസ്റ്റിന് മുന്‍പില്‍ ഓപ്പൺ പൊസിഷനില്‍ നില്‍ക്കുന്ന മാനേയ്ക്ക് പന്ത് പാസ് ചെയ്യാന്‍ സല തയ്യാറാവാതിരുന്നതാണ് മാനേയെ പ്രകോപിപ്പിച്ചത്. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട് ബെഞ്ചിലേക്ക് എത്തിയപ്പോള്‍ അതിലെ ദേഷ്യം മാനേ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. മറ്റ് ലിവര്‍പൂള്‍ ടീം അംഗങ്ങള്‍ ചേര്‍ന്ന് മാനേയെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. എന്നാല്‍ മാനേയുടെ പ്രതികരണം കാണുന്ന ക്ലോപ്പ് ചിരിച്ചു കൊണ്ടാണ് അതിനോട് പ്രതികരിക്കുന്നത്.

അതേ സമയം, അത് കളിക്കളത്തിലെ ദേഷ്യം മാത്രമായിരുന്നുവെന്നും ഫൈനൽ വിസിൽ മുഴങ്ങി ഡ്രസിംഗ് റൂമിലെത്തിയപ്പോൾ ഇരുവരും ഇക്കാര്യം സംസാരിച്ച് തീർപ്പാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശീലകൻ യുർഗാൻ ക്ലോപ്പ് പറഞ്ഞുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top