അശോക് ലെയ്‌ലാൻഡ് പ്ലാന്റുകൾ അടച്ചിടുന്നു

വിൽപ്പന കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് പ്രമുഖ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡും പ്ലാന്റുകൾ അടച്ചിടുന്നു. രാജ്യത്തെ അഞ്ച് പ്ലാന്റുകളാണ് ഈ മാസം ഭാഗികമായി പൂട്ടിയിടുന്നത്. നേരത്തെ മാരുതി സുസുക്കി രണ്ട് പ്ലാന്റുകൾ അടച്ചിട്ടിരുന്നു.

അശോക് ലെയ്‌ലാൻഡിന്റെ വാഹന വിൽപ്പനയിൽ ഇരുപത്തിയെട്ട് ശതമാനം ഇടിവാണ് കഴിഞ്ഞ ജൂലൈ മാസം മാത്രമുണ്ടായത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരി മൂല്യവും ഇടിഞ്ഞു. ഓഗസ്റ്റ് മാസത്തെ ട്രക്ക് വിൽപനയിൽ വൻ ഇടിവും രേഖപ്പെടുത്തിയിരുന്നു. എഴുപത് ശതമാനം കുറവുണ്ടായെന്നാണ് റിപ്പോർട്ടുകൾ.

Read Also : അടുത്ത മൂന്ന് ദിവസത്തേക്ക് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് വ്യാജ വാർത്ത; വ്യാജ പ്രചരണത്തിനെതിരെ കേരളാ പൊലീസ്

കനത്ത പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ അഞ്ച് പ്ലാന്റുകൾ അടച്ചിടാൻ അശോക് ലെയ്‌ലാൻഡ് തീരുമാനിച്ചത്. ഉത്തരാഖണ്ഡിലെ പന്ത് നഗർ പ്ലാന്റ് 18 ദിവസവും ചെന്നൈ എന്നോർ പ്ലാന്റ് 16 ദിവസവും പൂട്ടിയിടും. കർണാടക ഹൊസൂരിലെ മൂന്ന് യൂണിറ്റുകൾ അഞ്ച് ദിവസവും രാജസ്ഥാൻ ആൽവാറിലെ പ്ലാന്റും മഹാരാഷ്ട്ര ഭണ്ഡാരയിലെ പ്ലാന്റും പത്ത് ദിവസം വീതവും അടച്ചിടാനാണ് തീരുമാനം. നേരത്തെ മാരുതി സുസുക്കി മനേസറിലേയും ഗുരുഗ്രാമിലെയും പ്ലാന്റുകൾ രണ്ട് ദിവസം അടച്ചിടാൻ തീരുമാനിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top