ഓണം വാരാഘോഷ സമാപനഘോഷ യാത്ര; മാധ്യമ പ്രവർത്തകർക്ക് നേരെ പൊലീസിന്റെ അസഭ്യം

ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമ പ്രവർത്തകർക്ക് നേരെ പൊലീസിന്റെ വക അസഭ്യം. തിരുവനന്തപുരം കവടിയാറിൽ ഘോഷയാത്ര കടന്നു പോകുന്നതിനിടെയാണ് മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള പൊലീസിന്റെ ആക്രോശം. അനുവദിച്ച പാസുമായി എത്തിയിട്ടും കടത്തി വിടാത്തതിനെ ചോദ്യം ചെയ്തതാണ് പൊലീസിന്റെ അസഭ്യ വർഷത്തിനു കാരണമായത്. ട്രാഫിക്ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അജിത്, എആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ മിഥുൻ എന്നിവരാണ് ഉന്നത ഉദ്യോഗസ്ഥരുടെ കൺമുമ്പിൽ തെറിയഭിഷേകം നടത്തിയത്.

ഘോഷയാത്ര ആരംഭിക്കുന്നതിന് മുക്കാൽ മണിക്കൂർ മുമ്പായിരുന്നു സംഭവം. കവടിയാർ റോഡിൽ പൊലീസ് താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഇഷ്ടാനുസരണവും ഘോഷയാത്രയുടെ ആവശ്യാനുസരണവും വാഹനങ്ങൾ കടത്തി വിടുന്നുണ്ടായിരുന്നു. ഘോഷയാത്ര റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരോട് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അജിത് പറഞ്ഞത്, ‘ഘോഷയാത്ര റിപ്പോർട്ട് ചെയ്യാനാണെങ്കിൽ വണ്ടി ഇവിടെയെവിടെങ്കിലും ഇട്ടിട്ട് ഇറങ്ങി നടന്ന് പോടാ’ എന്നായിരുന്നു. അനുവദനീയ പാസുമായി വന്നിട്ടും കടത്തി വിടാത്തത് എന്തെന്ന് ചോദ്യത്തിന് തട്ടിക്കയറലായിരുന്നു മറുപടി.

മാന്യമായി സംസാരിക്കണമെന്ന പറഞ്ഞപ്പോൾ ഇതേ സൗകര്യമുള്ളുവെന്നായിരുന്നു ഉത്തരം. തൊട്ട് പുറകെ എ.ആർ ക്യാമ്പിലെ കോൺസ്റ്റബിൾ മിഥുൻ പാഞ്ഞടുത്ത് വാഹനത്തിന്റെ ബോണറ്റിൽ അടിച്ച് തെറിയഭിഷേകം നടത്തി. മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്യുമെന്ന ഘട്ടത്തിലെത്തിയിട്ടും സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർ പൊലീസുകാരെ നിയന്ത്രിക്കാനൊ വിഷയത്തിൽ ഇടപെടാനൊ തയ്യാറായില്ല.ഡിജിപിയും, മുഖ്യമന്ത്രിയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടും കേരള പൊലീസ്, മാന്യമായി പെരുമാറാൻ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top