‘മോദി സർക്കാർ എൽഐസിയിൽ നിന്ന് 10.69 ലക്ഷം കോടി കൊള്ളയടിച്ചു’; ഗുരുതര ആരോപണവുമായി കോൺഗ്രസ്

ഒന്നാം മോദി സർക്കാർ എൽഐസിയിൽ നിന്ന് ലക്ഷക്കണക്കിന് കോടി രൂപ കൊള്ളയടിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ്. പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയ എൽഐസിക്ക് കോടിക്കണക്കിന് രൂപ നഷ്ടമായെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലായ ഐഡിബിഐ ബാങ്കിൽ നിക്ഷേപിച്ച ഇരുപത്തി രണ്ടായിരം കോടി രൂപ എൽഐസിക്ക് നഷ്ടമായെന്നും തുടർന്നും നിക്ഷേപം നടത്താനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

നഷ്ടത്തിലായ പല പെതു സ്വകാര്യ മേഖലകളിലുള്ള ബാങ്കുകളെ സംരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ എൽഐസിയുടെ നിക്ഷേപം ദുരുപയോഗം ചെയ്തുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 2014 മുതൽ 19 വരെയുള്ള കാലയളവിൽ റിസർവ് ബാങ്കിന്റെ സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് 10.69 ലക്ഷം കോടി രൂപ സർക്കാർ പലർക്കായി വീതിച്ച് നൽകി. കഴിഞ്ഞ സാമ്പത്തിക വർഷം പ്രതിസന്ധിയിലായിരുന്ന ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരി എൽഐസി വാങ്ങി. നിഷ്‌ക്രിയ ആസ്തി പെരുകിയതോടെ ബാങ്ക് നഷ്ടത്തിലായി. ഫലത്തിൽ ഇരുപത്തിയൊന്നായിരം കോടി എൽഐസിയുടെ കൈയിൽ നിന്ന് പോയി.

ബാങ്കിന്റെ നഷ്ടം നികത്താൻ 4743 കോടി രൂപ വീണ്ടും നൽകാനുള്ള നിർദേശമാണ് സർക്കാർ എൽഐസിക്ക് നൽകിയിരിക്കുന്നത്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ഇൻഷുറൻസ് തുക വൻകിടക്കാർക്ക് തീറെഴുതി കൊടുക്കുന്ന നടപടിയാണ് ഇതിലൂടെ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കോൺഗ്രസ് ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top