പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്; വോട്ടുറപ്പാക്കാൻ സ്ഥാനാർത്ഥികൾ ഇന്ന് നിശബ്ദ പ്രചാരണത്തിൽ

പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്. മുന്നണികളും സ്ഥാനാർത്ഥികളും വോട്ടുറപ്പാക്കാൻ ഇന്ന് നിശബ്ദ പ്രചാരണത്തിൽ. ഗൃഹസന്ദർശന പരിപാടികളിലൂടെ വ്യക്തി കേന്ദ്രീകൃത വോട്ടുകൾ ലക്ഷ്യമിട്ടാണ് അവസാന വട്ട പ്രചാരണം. അതേ സമയം,  മണ്ഡലത്തിൽ പോളിംഗ് ഒരുക്കങ്ങൾ പൂർത്തിയായതായി കോട്ടയം ജില്ലാ കളക്ടർ പികെ സുധീർ ബാബു അറിയിച്ചു.

മണ്ഡല പര്യടനത്തിനിടെ വിട്ടുപോയ മേഖലകളിൽ വോട്ടുറപ്പാക്കുന്നതിലാണ് മുന്നണികളുടെ ഇന്നത്തെ ശ്രദ്ധ. നിശബ്ദ പ്രചാരണ ദിനത്തിൽ സ്ഥാനാർത്ഥികൾ പ്രധാന വ്യക്തികളെ നേരിൽ കണ്ട് പിന്തുണ തേടും. പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിലും വ്യപാര സ്ഥാപനങ്ങളിലും ഒരുവട്ടം കൂടി വോട്ടഭ്യർത്ഥിക്കാനായി സ്ഥാനാർത്ഥികളെത്തും. കെഎം മാണി സ്മരണകൾ പങ്കുവെച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിനായുള്ള നിശബ്ദപ്രചാരണം നടക്കുന്നത്‌.  മൂന്ന് വട്ടം പരാജയപ്പെട്ട ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന് ഒരു ഊഴമെന്നതാണ് എൽഡിഎഫ് മുദ്രാവാക്യം. എൻ ഹരിക്കായി എൻഡിഎയും ശക്തമായ പ്രചാരണ രംഗത്തുണ്ട്‌.

പട്ടികയിൽ ഏഴാമതായ പൈനാപ്പിൾ ചിഹ്നം വോട്ടർമാരിലേക്ക് എത്തിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പരിശ്രമത്തിലായിരുന്നു യുഡിഎഫ് പ്രവർത്തകർ. അവസാന ദിനത്തിലും ഇക്കാര്യം ഓർമപ്പെടുത്തിയാകും യുഡിഎഫിന്റെ നിശബ്ദ പ്രചാരണം. അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താൻ സംഘടനാ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ്  ഇടത്‌ മുന്നണി. നാളെ പരമാവധി ആളുകളെ ബൂത്തുകളിലെത്തിക്കാനാണ് മുന്നണികളുടെ നീക്കം. പാലാ മണ്ഡലം ചരിത്രം തിരുത്തുമോ പാരമ്പര്യം നിലനിർത്തുമോ എന്ന ചോദ്യത്തിന് ഇരുപത്തിയേഴിന് ഉത്തരമുണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top