‘ട്രാൻസ്ഗ്രിഡ് പദ്ധതിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി വാസ്തവ വിരുദ്ധം’: രമേശ് ചെന്നിത്തല

ട്രാൻസ്ഗ്രിഡ് പദ്ധതിയെക്കുറിച്ചുളള തന്റെ ചോദ്യങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയിൽ സിഎജി ഓഡിറ്റ് നടന്നാൽ പലർക്കും സർക്കാർ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും അതുകൊണ്ടാണ് സമ്പൂർണ ഓഡിറ്റിനെ സർക്കാർ ഭയപ്പെടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ട്രാൻസ്ഗ്രിഡ് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന കെഎസ്ഇബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയിലെ അഴിമതി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് പത്തു ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിന് മുഖ്യമന്ത്രി മറുപടിയും നൽകി. എന്നാൽ, അർഥസത്യങ്ങളും വാസ്തവ വിരുദ്ധവുമായ മറുപടികളാണ് മുഖ്യമന്ത്രി നൽകിയതെന്ന് ചെന്നിത്തല പറഞ്ഞു.
2016 മുതൽ പലതവണ നിയമസഭയിലുൾപ്പെടെ താൻ വിഷയം ഉന്നയിച്ചിട്ടുണ്ട്. സർക്കാറും ഊർജ വകുപ്പും കെഎസ്ഇബിയും ഉൾപ്പെടുന്ന ത്രികക്ഷികരാർ വിചിത്രമാണ്. ലാവ്‌ലിൻ കാലം മുതൽ കെഎസ്ഇബി സിപിഐഎമ്മിന്റെ കറവപ്പശുവാണെന്നും ചെന്നിത്തല വ്യക്തമാക്കി.
കിഫ്ബിക്ക് പ്രതിപക്ഷം എതിരല്ലെന്നും അതിലെ ധൂർത്തും അഴിമതിയുമാണ് എതിർക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ സമഗ്രാന്വേഷണത്തിന് സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here