ഇന്ന് നെല്ലിന്റെ പിറന്നാള്‍

ലയാളിയുടെ ഭക്ഷണശീലത്തില്‍ നെല്ലിനുള്ള സ്ഥാനം കുറച്ചൊന്നുമല്ല. നേര്‍ത്ത സൂര്യ പ്രകാശത്തില്‍ നെല്‍ കതിര്‍ അങ്ങനെ വിളഞ്ഞു നില്‍ക്കുന്നത്, പ്രകൃതിയുടെ നിറഞ്ഞ കാഴ്ചകളില്‍ ഒന്നാണ്.

നെല്ലിനുമുണ്ട് ഒരു പിറവി ദിനം …

കന്നിമാസത്തിലെ മകം നക്ഷത്രത്തിലാണത്രേ നെല്ല് പിറന്നത്. നമുക്ക് മുന്‍പുള്ള തലമുറ ഈ ദിവസം വളരെ ആഘോഷ പൂര്‍വം കൊണ്ടാടിയിരുന്നു. കേരളത്തിന്റെ പലഭാഗങ്ങളിലും ഈ ദിവസം പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. നെല്ലൂസം, നെപ്രെന്നാള്‍, നെന്മയം, നെല്ലാണ്ട്, എന്നിങ്ങനെ പല ദേശത്തും പല പേരുകളിലാണ് ഈ ദിവസം ആചരിച്ചിരുന്നത്.

വയലില്‍ വിളഴഞ്ഞു കൊഴിഞ്ഞ നെന്മണികൾ എട്ടു ദിക്കുകളിൽ നിന്നും ആർപ്പുവിളിയോടെ ശേഖരിക്കുന്നു. ഇവ എണ്ണയും തിരിയും താളിയും തേച്ച് കഴുകി വെയിലത്ത് ഉണക്കി ഭസ്മവും ചന്ദനവും കാഞ്ഞിര ഇലകൊണ്ടു പൊതിഞ്ഞ് പത്തായത്തിൽ നിക്ഷേപിച്ചിരുന്നു.
ദക്ഷിണ കേരളത്തിലാണ് ഈ ചടങ്ങ് ഉണ്ടായിരുന്നത്.

എന്നാൽ, കുട്ടനാട്ടിലും മധ്യ കേരളത്തിലും അലങ്കരിച്ച നെൽമണികളെ വഞ്ചിയിലേറ്റി ദേശം കാണിക്കുന്ന ചടങ്ങാണ് നിലനിന്നിരുന്നത്. മാത്രമല്ല,കൃഷിക്കാരനും ജന്മിയും അന്നേ ദിവസമാണ് ഒരു വഞ്ചിയിൽ സഞ്ചരിച്ചിരുന്നത്. പൂജിച്ച നെന്മണികൾ ഇരുവരും കൈമാറും, ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ അന്നാട്ടിലെ ആളുകൾ ആർപ്പുവിളികളോടെ എത്തിയിരുന്നു. ‘കലം കരിയും’ , ‘ആഴി പൂജയും’ ഈ ദിനത്തോടനുബന്ധിച്ച് നടന്നിരുന്ന ചടങ്ങുകളായിരുന്നു.

കാലം ആധുനികത സാംസ്‌കാരികതയ്ക്കും വാണിജ്യവത്ക്കരണത്തിനും വഴിമാറിയപ്പോൾ കൃഷി പാർശ്വവത്ക്കരിക്കപ്പെട്ടു. പലപ്പോഴും കൃഷി ജീവിതചര്യയാക്കി മാറ്റിയ ഒരു ജനത ബാക്കിവെച്ച അവശേഷിപ്പുകളാണ് നമ്മുടെ സാംസ്‌കാരികതയുടെ അടിസ്ഥാനമായി ഇന്നും നിലകൊള്ളുന്നത്.

നെല്ലുമായി ബന്ധപ്പെട്ട ഉത്സവങ്ങളും ആചാരങ്ങളും

ഇല്ലം നിറ; നെൽപ്പത്തായങ്ങളെ വീടിന്റെ ഐശ്വര്യമായാണ് കമ്ടിരുന്നത്. ഗൃഹനാഥൻ ആദ്യം കൊയ്തു കൊണ്ടുവരുന്ന കതിർ കുല പൂജയ്ക്ക് ശേഷം പത്തായത്തിൽ സ്ഥാപിക്കുന്ന ചടങ്ങാണ് ഇല്ലംനിറ.

ഉച്ചാറൽ; കുംബമാസം വരുന്നതിന് മൂന്ന് ദിവസം മുമ്പ് പച്ച മുളയിലകൾ ചേർത്തു വെച്ച് പത്തായം ഭദ്രമായി അടയ്ക്കുന്നു. ഉച്ചാറൽ അടയ്ക്കൽ എന്നാണ് ഇതിനു പറയുക. തുടർന്ന് ഭൂമിദേവി പുഷ്പിണിയാവുന്ന മകം നാളിൽ പത്തായം വീണ്ടു തുറന്ന് അടയ്ക്കുന്നു.

കതിരു വേല; ഓലകൊണ്ട് മെടഞ്ഞുണ്ടാക്കിയ കൂടകൾ നെൽക്കതിർകൊണ്ട് അലങ്കരിച്ച് മുളയിൽ തൂക്കി, പാട്ടു പാടിക്കൊണ്ട് കളിക്കാർ കൈകോർത്തു പിടിച്ച് താളം ചവിട്ടി കളക്കുന്നതാണ് കതിരുവേല. ഭഗവതിക്കാവുകളിലാണ് ഇത് നടക്കാറ്.

കതിരുകാള; നെൽക്കതിർകൊണ്ട് കാളയുടെ മാതൃക ഉണ്ടാക്കി കെട്ടുകാഴ്ചയായി വാദ്യഘോത്തോടെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്ന ചടങ്ങാണ്.

നെല്ലും പത്തായവും

നെല്ല് ശേഖരിച്ചു വെയ്ക്കാനുള്ള ഇടമാണ് നെൽപ്പത്തായം. വലിപ്പമനുസരിച്ച് പത്തായം പലവിധമുണ്ട്.  വലിയ പത്തായം. ചെറു പത്തായം, വിത്തിൻ പത്തായം, പത്തായപ്പെട്ടി, പ്പെട്ടി, പെട്ടി പത്തായം, എന്നിങ്ങനെ… നാലു കെട്ടിലെ തെക്കിനിയിലാണ് പത്തായത്തിന്റെ സ്ഥാനം. നെൽ വിത്തുകൾ തറയിൽ സ്പർശിച്ചാൽ ഗുണം കുറയും എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവ പത്തായത്തിൽ സൂക്ഷിക്കുന്നത്.

നെല്ലുമായി ബന്ധപ്പെട്ട ശൈലികൾ

 • കതിരിന്മേൽ വളം വെയ്ക്കുക.
 • പുത്തരിയിൽ കല്ല്.
 • വേലി തന്നെ വിളവു തിന്നുക.
 • നെല്ലുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ
 • വിരിപ്പ് നട്ടുണങ്ങണം, മുണ്ടകൻ നട്ടു മുടങ്ങണം.
 • ഞാറ്റുവേലപ്പകർച്ചയ്ക്ക് വിത്തു വിതയ്ക്കരുത്.
 • കുംഭത്തിൽ മഴപെയ്താൽ കുപ്പയിലും മാണിക്യം.
 • മുച്ചുങ്ങം മഴപെയ്താൽ, മച്ചിങ്ങൽ നെല്ലുണ്ടാവില്ല.
 • മേടം തെറ്റിയാൽ മോടൻ തെറ്റി.
 • ചോതി കഴിഞ്ഞാൽ, ചോദ്യമില്ല.
 • ആരിയൻ വിതച്ചാൽ ഞവര കിളിക്കുമോ.
 • നെല്ലിൽ പതിരും കാണും.
 • നെല്ലിൽ പതിരും ചൊല്ലിൽ പിഴവും.
 • നെല്ലിനോടു കൂടി പുല്ലും വളരും.

പലതരം നെൽ വിത്തുകൾ

എൺപതോളം നാടൻ വിത്തിനങ്ങൾ കേരളത്തിൽ ഒരു കാലത്ത് കൃഷി ചെയ്തിരുന്നു അത്രേ… അത്യുൽപാദന ശേഷിയുള്ള അന്ന പൂർണ, ജയ, ആആർഎട്ട് തുടങ്ങിയനെല്ലിനങ്ങളുടെ വരവോടെ ഈ നാടൻ ഇനങ്ങളെല്ലാം ഏതാണ്ടാ അപ്രത്യക്ഷമായി. കേരളത്തിൽ മൂന്നു കാലങ്ങളിലും നെൽ കൃഷ് ചെയ്തിരുന്നു. ഒന്നാം വിളയുടെ പേരാണ് വിരിപ്പു കൃഷി, ഏപ്രിൽ, മേയ്, മുതൽ സെപ്റ്റംബർ, ഒക്ടോബർ കാലഘട്ടമാണ് വിരിപ്പു കൃഷിയുടേത്. പാലക്കാട് മലപ്പുറം ജില്ലകളിലാണ് വിരിപ്പു കൃഷ് ചെയ്യാറുള്ളത്. പൊക്കാളി എന്നാൽ, ആലപ്പുഴ, എറണാകുളം, കണ്ണൂർ എന്നീ തീരപ്രദേശങ്ങളിലെ ഉപ്പുവെള്ളെ കേയറുന്ന നിലങ്ങളിലെ കൃഷി രീതിയാണ് പൊക്കാളി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top