Advertisement

നവതിയുടെ നിറവിൽ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ

September 28, 2019
Google News 1 minute Read

നവതിയുടെ നിറവിൽ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പ്രണയത്തിന്റെയും, വിരഹത്തിന്റെയും അനുഭൂതികൾ പകർന്നൊഴുകിയ ആ സ്വരത്തിന് പക്ഷേ ഇന്നും മധുരപ്പതിനേഴാണ്. ഏഴു പതിറ്റാണ്ടോളം നീണ്ട ആ സംഗീതജീവിതത്തിൽ ലയിക്കാനാവുന്നതാണ് ഈ കാലഘട്ടത്തിന്റെ മഹാഭാഗ്യം.

പണ്ടെന്നോ ലതാ ദീദി പാടിയ ഒരു പാട്ടിന്റെ വരികൾ ഇങ്ങനെയാണ്. ‘ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഒരു പൂച്ചെണ്ടായും പൂന്തെന്നലായും ഞാൻ സുഗന്ധം പൊഴിച്ചുകൊണ്ടിരിക്കും’.

ഇതേ പാട്ടിന്റെ വരികളെ അന്വർഥമാക്കിക്കൊണ്ട് സംഗീതലോകത്ത് നവതിയുടെ നിറവിലും ഒരു സുഗന്ധമായി പൊഴിഞ്ഞു കൊണ്ടിരിക്കുകയാണ് ലതാ മങ്കേഷ്‌കർ. അനശ്വര സ്വരമാധുര്യം കൊണ്ട് ഓരോ ആസ്വാദക മനസുകളിലും ലതാ മങ്കേഷ്‌കർ തീർത്ത വികാരങ്ങൾ വാക്കുകൾക്ക് അതീതമാണ്. വിരഹത്തിന്റെ, ആഹ്‌ളാദത്തിന്റെ ദേശസ്‌നേഹത്തിന്റെ സ്വപ്‌നത്തിന്റെ, ഏണമറ്റ അനുഭൂതികളുടെ പകർന്നൊഴുക്കാണ് നേർത്തതും തുളച്ചുകയറുന്നതുമായ ആ ശബ്ദം.

പ്രമുഖ ഇന്ത്യൻ ഭാഷകളിലെല്ലാം പാടിയിട്ടുള്ള ലത മങ്കേഷ്‌കർ മലയാളത്തിൽ ഒരേയൊരു ഗാനമാണ് പാടിയിട്ടുള്ളത്.

ദീദിയുടെ മലയാള സാന്നിധ്യം

1956ൽ മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ ചെമ്മീനിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്ന സമയം. ചിത്രത്തിലെ പാട്ടുകളെല്ലാം അന്നേ വരെ മലയാളം കണ്ടതിൽ ഏറ്റവും മികച്ചതായിരിക്കണം എന്ന നിർമാതാവിന്റെ നിർബന്ധം, ചിത്രത്തിലെ ‘കടലിനക്കര പോണേരെ…’ എന്ന ഗാനം ലതാജിയെക്കൊണ്ട് പാടിപ്പിക്കണം എന്ന തീരുമാനത്തിലെത്തിച്ചു. മലയാളം വഴങ്ങില്ല എന്ന കാരണത്താൽ ആദ്യം വിമുഖത പ്രകടിപ്പിച്ചെങ്കിലും സലിൽ ചൗധരിയുടെ സ്‌നേഹപൂർവമുള്ള നിർബന്ധത്താൽ ലതാജി പാട്ട് പാടാം എന്ന് അംഗീകരിച്ചു.

ഗായകൻ യേശുദാസിനെ വിളിച്ച് ലതാ മങ്കേഷ്‌കറെ മലയാളം പഠിപ്പിക്കണം എന്ന ആവശ്യവും പറഞ്ഞു. യേശു ദാസിനെ സംബന്ധിച്ച് ഇത് സ്വപ്‌ന തുല്യമായ നിമിഷമായിരുന്നു. എന്നാൽ, യേശുദാസ് എത്ര ശ്രമിച്ചിട്ടും ലതാ മങ്കേഷ്‌കറെ മലയാളം പഠിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. എന്നിരുന്നാലും, സലിൽദാ തന്റെ ആഗ്രഹം കൈവിട്ടില്ല. 1965ൽ സാധിക്കാതെപോയ ആഗ്രഹം 1974ൽ ജയഭാരതി നായികയായ നെല്ല് എന്ന ചിത്രത്തിലൂടെ സലിൽദാ സാധിച്ചെടുത്തു. അങ്ങനെ രാമുകാര്യാട്ട് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനത്തിലൂടെ ലതാജിയുടെ ശബ്ദമാധുര്യം മലയാളികൾ അസ്വദിച്ചു. അങ്ങനെ ‘കദളി തെങ്കഥളി’… എന്നു തുടങ്ങുന്ന പ്രണയവും വാത്സല്യവും നിറഞ്ഞ ആ ഗാനം മലയാളികൾ ഏറ്റു പാടി. വാക്കുകളുടെ ഉച്ചാരണ പിശകു ക്കൊണ്ടായിരിക്കാം പിന്നീട് ഒരിക്കലും ലതാജി മലയാളത്തിൽ പിന്നീടൊരു പാട്ട്  പാടാൻ തയ്യാറാവാതിരുന്നത്‌.

ഏഴു പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീതരംഗത്തിന് നൽകിവരുന്ന സംഭാവനകൾ മാനിച്ച് ലത മങ്കേഷ്‌കർക്ക് രാഷ്ട്രപുത്രി പദവി നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. 1989 ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച ലതാ മങ്കേഷ്‌ക്കരെ 2001 ൽ ഭാരതരത്‌ന നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here