ചിന്മയാനന്ദിന് എസി മുറിയിൽ സുഖവാസം; പീഡന കേസിലെ ഇരക്ക് ജയിൽ ചികിത്സ പോലും കിട്ടുന്നില്ലെന്ന് അച്ഛൻ

ബലാൽസംഗകേസിലെ പ്രതിയായ മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിലെ ബിജെപി നേതാവുമായ സ്വാമി ചിൻമയാനന്ദിന് എതിരെ കനത്ത വിമർശനവുമായി പെൺകുട്ടിയുടെ അച്ഛൻ. സ്വാമി ചിൻമയാനന്ദിന് കസ്റ്റഡിയിൽ എസി മുറി അടക്കമുള്ള സൗകര്യങ്ങളാണെന്നും എന്നാൽ ബ്ലാക്ക് മെയിൽ ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിക്ക് ജയിലിൽ ചികിത്സ പോലും ലഭിക്കുന്നില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ ശനിയാഴ്ച പറഞ്ഞു.

ചിൻമയാനന്ദിനെ ജയിലിൽ നിന്ന് ലക്‌നൗവിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ ആഢംബര സൗകര്യങ്ങളുള്ള മുറിയിലാണ് ഇയാളെ താമസിപ്പിച്ചിരിക്കുന്നത്.

മൂന്ന് തവണ എംഎൽഎ ആയിരുന്നു ചിന്മയാനന്ദ്. സെപ്തംബർ 23 നാണ് ചിന്മയാനന്ദനെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം ഐസിയുവിലായിരുന്ന ഇയാളെ പിന്നീട് പ്രത്യേക മുറിയിലേക്ക് മാറ്റി. കാർഡിയോളജി ഡിപ്പാർട്ട്‌മെന്റിലാണ് ഇപ്പോഴുള്ളത്.

സെപ്തംബർ 20നാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് പരാതിക്കാരിയായ പെൺകുട്ടി രംഗത്തെത്തിയിരുന്നു. താൻ ആത്മഹത്യ ചെയ്താലെങ്കിലും ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചായിരുന്നു പെൺകുട്ടി രംഗത്തെത്തിയത്. ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാനോ ബലാത്സംഗ കുറ്റം ചുമത്താനോ പൊലീസ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും പെൺകുട്ടി ചോദിച്ചിരുന്നു. ചിന്മയാനന്ദനെതിരെ 43 ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് വിദ്യാർത്ഥിനി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഷാജഹാൻപൂരിലെ സുഖ് ദേവാനന്ദ് കോളേജിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. കോളേജ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റാണ് ചിന്മയാനന്ദ്.

പിന്നീട് സെപ്തംബർ 25ന് ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. ചിന്മയാനന്ദ് നൽകിയ കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സമർപ്പിക്കുന്നതിന് ഷാജഹാൻപുരിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വാഹനം തടഞ്ഞു നിർത്തി പെൺകുട്ടിയെ കൊണ്ടുപോകുകയായിരുന്നു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസിന്റെ നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top