അഭിനയം മുതൽ നിർമാണം വരെ ഒരു കുടക്കീഴിൽ ‘മോളിവുഡ് ഡയറി’ ആപ് സാരഥി ലക്ഷ്മി ദീപ്ത ട്വന്റിഫോറിനോട് സംസാരിക്കുന്നു

മലയാള സിനിമ ആരാധകർക്കും സിനിമാ മോഹികൾക്കും വേണ്ടി കേരളത്തിൽ നിന്നൊരു ആപ്. മോളിവുഡ് ഡയറി എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷൻ അഭിനയം മുതൽ നിർമാണം വരെയുള്ള മേഖലകളെ കോർത്തിണക്കുന്നു.

ചലച്ചിത്ര മേഖലയിലേക്ക് പുത്തൻ വാതിലുകൾ തുറന്നിടുന്ന ആപ് തുടങ്ങുന്നത് ലക്ഷ്മി ദീപ്തയുടെ നേതൃത്വത്തിലാണ്.

സിനിമയിൽ സംവിധാനസഹായി കൂടിയാണ് ലക്ഷ്മി.ആപ്പിനെ കുറിച്ച് ലക്ഷ്മി 24ന് നൽകിയ അഭിമുഖം.

‘മോളിവുഡ് ഡയറി’എന്ന ആപ് തുടങ്ങാൻ കാരണം?

ആദ്യം ഞാൻ ഫിലിം മാഗസിൻ ചെയ്യാൻ ആണ് ആഗ്രഹിച്ചിരുന്നത്. സാധാരണ ഫിലിം മാഗസിനുകൾ ഒക്കെ അഭിനേതാക്കൾക്കും സംവിധായകർക്കും സിനിമകൾക്കും മാത്രം പ്രാധാന്യം നൽകികൊണ്ടാണ് ചെയ്യുന്നത്. പക്ഷെ സിനിമയുടെ പിന്നിൽ ഒരുപാട് പേർ പ്രവർത്തിക്കുന്നുണ്ട്. ആർട്ട്, മേക്കപ്പ്, കോസ്റ്റ്യൂം, അങ്ങനെ ഒരുപാടുണ്ട്. എല്ലാം ഉൾകൊള്ളിച്ചുകൊണ്ടുള്ള മാഗസിൻ തുടങ്ങാനുള്ള ശ്രമം ആയിരുന്നു ആദ്യം. പിന്നെ കാലഘട്ടം മാറിയതിന് അനുസരിച്ച് ഓൺലൈൻ മീഡിയ ആക്കി മാറ്റി.

ആപ്പിന്റെ ആശയം എങ്ങനെ ആണ് ഉണ്ടായത്?

ക്ലിന്റ് സിനിമ ചെയ്യുന്ന സമയത്ത് 60,000-ഓളം കുട്ടികളാണ് ക്ലിന്റിന്റെ വേഷത്തിനായി ഓഡിഷന് വന്നത്. എല്ലാവർക്കും അവസരം ലഭിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്. പക്ഷെ അതിന് പരിമിതി ഉണ്ടല്ലോ.
എല്ലാവർക്കും ഓഡിഷന് വരുമ്പോ അതിനുള്ള ചിലവും മറ്റും ഉണ്ടാകും പക്ഷെ അവർക്കെല്ലാം ഒരു ഫിലിം പ്രൊഫൈൽ ഉണ്ടെങ്കിൽ ഈ യാത്രകളും മറ്റും ഒഴിവാക്കാം. സംവിധായകൻ കാസ്റ്റ് ചെയ്യുമ്പോൾ സമയം ലാഭിക്കാമല്ലോ.ഒരു ആപ് ഉണ്ടാക്കി അതിൽ അഭിനയിക്കാൻ താല്പര്യം ഉള്ളവരുടെ ഒക്കെ പ്രൊഫൈൽ ശേഖരിച്ച് വച്ചാൽ ആവശ്യം ഉള്ളത് നോക്കി എടുക്കാൻ സൗകര്യം ആവും എന്ന് അന്ന് ചിന്തിച്ചു, മൂന്ന് വർഷം മുമ്പ്. അങ്ങനെയാണ് പെട്ടെന്ന് ആപ്ലിക്കേഷനിലേക്ക് തിരിഞ്ഞത്.

ഈ ആപ്പിന്റെ പ്രവർത്തന രീതി എങ്ങനെ ആണ്?

ആമസോൺ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് ഒക്കെപ്പോലെ പരിപാടികൾ ഷൂട്ട് ചെയ്ത് അവതരിപ്പിക്കും. ഒരു മാസം 20 പരിപാടികൾ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. 20 പ്രോഗ്രാമുകൾ ചിത്രീകരിക്കുമ്പോൾ ചുരുങ്ങിയത് 700 പേർക്കെങ്കിലും അവസരം കൊടുക്കാം. തുടക്കക്കാർക്ക് നിർമാതാവിനെ ലഭിക്കാൻ ആണല്ലോ ബുദ്ധിമുട്ട്. അത് നമ്മൾ തന്നെ ശരിയാക്കി കൊടുക്കും.പ്രോഗ്രാം ആപ്പിലൂടെ തന്നെ പ്രേക്ഷകരെ കാണിക്കും.അവർക്കു പ്രോഗ്രാമിൽ അവസരവും കിട്ടും, ആപ്പിൽ പ്രോഗ്രാമുകളും വരും.

തുടക്കകാർക്ക് ഇത് നല്ലൊരു അവസരമാണ്. അഭിനയിക്കാൻ മാത്രമല്ല സിനിമയുടെ എല്ലാ മേഖലകളിലുമുള്ള തുടക്കക്കാർക്ക് അവസരം ഞങ്ങൾ നൽകും.

ഇങ്ങനെ കൊടുത്താൽ ഇനി ഒരു സിനിമ ഓഡിഷനു പോകുമ്പോൾ, അല്ലെങ്കിൽ ടെക്‌നീക്കൽ ആയി അസിസ്റ്റ് ചെയ്യാൻ ചാൻസ് വരുമ്പോൾ ഈ വർക്ക് നേരത്തെ ചെയ്തത് എന്നു പറഞ്ഞു ബന്ധപ്പെട്ടവരെ കാണിക്കാം.

പിന്നെ എന്തൊക്കെ കാര്യങ്ങൾ ആണ് ഈ ആപ്പിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്നത്?

1928-ലെ വിഗതാകുമാരൻ മുതൽ 2018-വരെ ഉള്ള സിനിമകളുടെ വിശദാംശങ്ങൾ ആപ്പിൽ ലഭ്യമായിരിക്കും. അവയിലെ പാട്ടുകളും ഉണ്ടാവും. മലയാള സിനിമയെ കുറിച്ച് അറിയാൻ ആഗ്രഹമുള്ള ആർക്കും ഇത് ഉപയോഗിക്കാം. ഇംഗ്ലീഷിലും മലയാളത്തിലും വിവരങ്ങൾ ലഭ്യമായിരിക്കും.

കൂടാതെ ഇപ്പോൾ സിനിമയിൽ ആക്റ്റീവ് ആയ സംവിധായകർ, സിനിമറ്റോഗ്രാഫർമാർ, പ്രൊഡക്ഷൻ കണ്ട്രോളർമാർ, ഫോട്ടോഗ്രാഫർമാർ, പിആർഒമാർ തുടങ്ങി എല്ലാവരുടെയും വിവരങ്ങൾ ഉണ്ടാവും. ക്യാമറക്ക് മുമ്പിലും പിന്നിലും പ്രവർത്തിക്കുന്നവർ, അവർ ചെയ്ത സിനിമകൾ, കിട്ടിയ അവാർഡുകൾ മുതലായ വിശദാംശങ്ങൾ ഇതിൽ കൊടുക്കും.

ഫെയ്ക്ക് ആയ ആളുകളെ സിനിമയിൽ നിന്ന് കുറക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. എനിക്ക് തന്നെ ഒരുപാട് പറ്റിക്കപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തുടക്കക്കാർക്ക് സിനിമയിൽ പ്രവർത്തിക്കുന്ന ആളുകളെ പറ്റി വലിയ വിവരം ഉണ്ടാവണം എന്നില്ല.

കൂടാതെ നിലവിലുള്ള സിനിമാ സംഘടനകളിൽ അംഗത്വം എടുക്കാൻ തന്നെ വലിയ ചെലവാനുള്ളത്. നിലവിൽ ഫീൽഡിൽ ഉള്ള എല്ലാവരും സംഘടനകളിൽ ഉണ്ടായിക്കൊള്ളണം എന്നും ഇല്ല. അതുകൊണ്ട് ഒരു സെൻസസ് എടുത്തു ഡാറ്റ ശേഖരിക്കാൻ ആണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.എനിക്ക് പറ്റിയ പ്രശ്‌നം വേറെ ഒരാൾക്ക് ഉണ്ടാവരുത്.ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാൻ കോണ്ടാക്ടുകൾ വേണം. ബന്ധങ്ങൾ ചുരുങ്ങുമ്പോൾ, പ്രത്യേകിച്ചു തുടക്കക്കാർ പല അഡ്ജസ്റ്റ്‌മെന്റിനും തയ്യാറായേക്കാം. കാശു അങ്ങോട്ട് കൊടുത്ത് അഭിനയിക്കുന്ന ആളുകൾ വരെ ഉണ്ട്. ബന്ധങ്ങൾ ഉണ്ടെങ്കിൽ കഴിവുള്ളവർക്ക് എങ്ങനെയും രക്ഷപ്പെടാം. അതിനുള്ള അവസരം ഈ ആപ്‌ളിക്കേഷനിലൂടെ കിട്ടും.

ഈ സംരംഭത്തിന് പ്രോത്സാഹനം നൽകുന്നത് ആരൊക്കെ?

ഞാൻ ഇപ്പോൾ വർക്ക് ചെയ്യുന്നത് സംവിധായകൻ ഹരികുമാറിന്റെ അസിസ്റ്റന്റ് ആയാണ്. ഞാൻ ആപ് തുടങ്ങുകയാണെന്ന് ആദ്യമായി പറഞ്ഞത് സാറിനോടാണ്.അദ്ദേഹം സഹായത്തിനുണ്ട്. പിന്നെ ഫെഫ്കയിൽ ഉണ്ടായിരുന്ന മരിച്ചു പോയ ഹരിദാസ് സാർ, അസ്സോസിയേറ്റ് ഡയറക്ടർ അലക്‌സ് അയിരൂർ, അങ്ങനെ ഒപ്പം പ്രവർത്തിച്ച ഒരുപാട് പേർ സഹായത്തിനുണ്ട്.

ഈ പ്രോജക്ടിന്റെ നാൾ വഴികൾ ഒന്നു പറയാമോ?

മൂന്ന് വർഷം മുമ്പ് എറണാകുളം പ്രസ് ക്ലബ്ബിൽ വച്ച് ഫെഫ്കയിൽ ഉള്ള സംവിധായകരാണ് ലോഗോ ലോഞ്ചിംഗ് നടത്തിയത്. അപ്പോൾ അധികം ഡാറ്റ ഒന്നും കൈയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ആര്യാനന്ദ ക്രിയേഷൻസ് എന്ന പേരിൽ ഓഫീസ് രജിസ്റ്റർ ചെയ്തു. കോർപ്പറേഷൻ ലൈസൻസും എടുത്ത് ഡാറ്റ കളക്ട് ചെയ്യാൻ തുടങ്ങി. ഇപ്പോ ഏകദേശം ജോലികൾ മുഴുവനായിട്ടുണ്ട്. ഒക്ടോബറിൽ 20-ഓളം പരിപാടികളുടെ ഷൂട്ടിംഗ് ആരംഭിക്കും. അവയെല്ലാം ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നവർക്ക് കാണാം. ഒരു മാസത്തിനു ചെറിയൊരു സബ്‌സ്‌ക്രിപ്ഷൻ ചാർജ് ഉണ്ടാകും.കൂടുതൽ സിനിമകളും, വെബ് സിരിസുകളും ഉണ്ടാവണം എന്നാഗ്രഹിച്ചാണ് ഈ ആപ്ലിക്കേഷൻ തുടങ്ങുന്നത്. അതുകൊണ്ട് ചെറിയ തുകയെ ഉണ്ടാവൂ.

ആപ്പിൽ പ്രൊഫൈൽ ഉണ്ടാക്കാൻ എന്താണ് ചെയ്യേണ്ടത്?

2500 രൂപ കൊടുത്താൽ ആപ്പിൽ പേര് രജിസ്റ്റർ ചെയ്യാം. അങ്ങനെ ചെയ്താൽ 5 ഫോട്ടോകൾ, സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോ, വെബ് സീരീസിൽ അല്ലെങ്കിൽ മ്യൂസിക് വിഡിയോയിൽ അഭിനയിക്കാനുള്ള അവസരം, അവർക്ക് ഇതിനൊന്നും പരിചയം ഇല്ലെങ്കിൽ രണ്ട് ദിവസത്തെ ഗ്രൂമിങ് സെഷൻ എന്നിവ കൊടുക്കും.

ആദ്യം ഷൂട്ട് ചെയ്യാൻ പോകുന്ന പ്രോജെക്ടിനെ കുറിച്ച്?

വക്കത്ത് നടന്ന ഒരു യഥാർഥ സംഭവം ആണ് ആദ്യപ്രോജെക്ടിന് ആധാരം. സുഭാഷ് ചന്ദ്രബോസിനൊപ്പം ഐഎൻഎയിൽ സിംഗപ്പൂരിലും മലേഷ്യയിലും പ്രവർത്തിച്ച അബ്ദുൽഖാദർ എന്ന ആളെ കുറിച്ചാണിത്. പിന്നീട് ബ്രിട്ടിഷുകാർ ഇയാളെ തൂക്കിക്കൊന്നു.ഈ സ്വതന്ത്ര സമര സേനാനിയെ പറ്റി ആർക്കും വല്ലാതെ അറിയില്ല. ഷൂട്ടിംഗ് ഒക്ടോബറിൽ തുടങ്ങും.

ആപിന്റെ ലോഞ്ചിങ് എന്നായിരിക്കും?

ജനുവരിയിൽ ഉണ്ടാവും. 30ഓളം പരിപാടികൾ അപ്പോഴേക്കും അപ്ലിക്കേഷനിൽ ഉണ്ടാവും.

പഠിച്ചതൊക്കെ എവിടെയാണ്?

തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജിൽ നിന്ന് ബിഎസ്എംഎസ് ആണ് പഠിച്ചത്. അതിനു ശേഷം കേരള ഫിലിം ന്യൂസിൽ നിന്ന് സംവിധാനവും സിനിമറ്റോഗ്രാഫിയും പഠിച്ചു. കൂടാതെ പട്ടണം ഡിസൈനറിയിൽ നിന്ന് മേക്കപ്പും കൂടാതെ ഡബ്ബിങ്ങും പഠിച്ചിട്ടുണ്ട്. കുറച്ച് വർഷമായി സിനിമയിൽ പ്രവർത്തിക്കുന്നു.

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
19 പേർ മരിച്ചു
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top
More