Advertisement

മൂന്നാറിലെ നാല് വ്യാജപട്ടയങ്ങൾ റദ്ദ് ചെയ്ത് ദേവികുളം സബ്കളക്ടർ രേണു രാജിന്റെ ഉത്തരവ്

October 2, 2019
Google News 0 minutes Read

സ്ഥലം മാറുന്നതിനു മുമ്പ് മൂന്നാറിലെ നാല് വ്യാജപട്ടയങ്ങൾ റദ്ദ് ചെയ്തുകൊണ്ട് ദേവികുളം സബ്കളക്ടർ രേണു രാജിന്റെ ഉത്തരവ്. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ദേവികുളം അഡീഷണൽ തഹസീൽദാറായിരുന്ന രവീന്ദ്രൻ 1999ൽ അനുവദിച്ച ഇക്കാനഗറിലെ സർവ്വെ നമ്പർ 912 ൽ ഉൾപ്പെട്ട നാല് പട്ടയങ്ങളാണ് സെപ്റ്റംബർ 24ന് റദ്ദാക്കിയത്.

മൂന്നാർ ടൗൺ പ്ലാനിങ്ങിനും ഭവന നിർമാണത്തിനുമായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ സാമൂഹിക വനവത്കരണത്തിന് നിർദേശിക്കപ്പെട്ട സ്ഥലമാണ് മരിയ ദാസ് എന്നയാൾ തട്ടിയെടുത്തത്. പിഎം മാത്യുവെന്ന സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുത്ത ഭൂമി 15 പട്ടയങ്ങളിലായി മരിയാ ദാസ് സ്വന്തമാക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പിഎം മാത്യുവിന്റെ ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടയങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു. 14 വ്യക്തികളുടെ പേരിലാണ് പട്ടയം നേടിയത്. പിന്നീട് സ്വന്തം പേരിൽ വിലയ്ക്ക് വാങ്ങിയതായി രേഖയുണ്ടാക്കി.

എന്നാൽ, ഇതിൽ പലരും തങ്ങളുടെ പേരിൽ പട്ടയം ലഭിച്ച വിവരം അറിയില്ലെന്ന മൊഴിയാണ് നൽകിയത്. 15 പട്ടയങ്ങളും ക്രമവിരുദ്ധമായി നേടിയതാണെന്ന് പ്രാഥമിക വിലയിരുത്തലിന്റെ  അടിസ്ഥാനത്തിൽ നാല് പട്ടയ നമ്പറുകളിലെ രണ്ടരയേക്കർ ഭൂമി ഏറ്റെടുക്കാൻ തഹസീൽദാർക്ക് സബ് കളക്ടർ നിർദേശം നൽകുകയായിരുന്നു.

കഴിഞ്ഞ മാസം 24ആണ് പട്ടയം റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതിന് തൊട്ട് പിന്നാലെ രേണു രാജിനെ സ്ഥലം മാറ്റുകയായിരുന്നു. കെഡിഎച്ച് വില്ലേജിൽ, ലാന്റ് അസൈൻമെന്റ് റൂൾ പ്രകാരം ജില്ലാ കളക്ടറാണ് പട്ടയം നൽകേണ്ടത്. എന്നാൽ, 1964 ലെ ഭൂപതിവ് ചട്ടപ്രകാരം തഹസിൽദാർ പട്ടയം അനുവദിച്ചത് ക്രമവിരുദ്ധമാണ്. ഈ പട്ടയങ്ങളിലെ മുഴുവൻ ഫയലുകളും രണ്ട് ഉദ്യോഗസ്ഥർ മാത്രം കൈകാര്യം ചെയ്തതും അസാധാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് 11 പട്ടയങ്ങൾ സംബന്ധിച്ച് വിശദമായ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ദേവികുളം തഹസിൽദാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here