Advertisement

പൂതന പരാമർശം ഏറെ വേദനിപ്പിച്ചു: ഷാനിമോൾ ഉസ്മാൻ

October 10, 2019
Google News 0 minutes Read

അപവാദ പ്രചരണങ്ങളെ മറി കടന്ന് ഐക്യമുന്നണി അരൂരിൽ മികച്ച വിജയം നേടുമെന്ന് യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ. വികസനം കടലാസിലല്ല വേണ്ടതെന്നും, സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന ജനപ്രതിനിധിയാകാനാണ് അരൂരിൽ വോട്ട് തേടുന്നതെന്നും ഷാനി മോൾ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു. പൂതന പരാമർശം ഏറെ വേദനിപ്പിച്ചു. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നതല്ല കോൺഗ്രസിന്റെ രാഷ്ട്രീയമെന്നും, അത്തരക്കാർക്ക് ജനങ്ങൾ മറുപടി നൽകുമെന്നും ഷാനിമോൾ പ്രതികരിച്ചു.

അതേ സമയം പൂതന പരാമർശത്തിൽ മന്ത്രി ജി.സുധാകരന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പൂതനാ വിവാദത്തിൽ ക്ലീൻചിറ്റ് നൽകി. മന്ത്രി മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ആരേയും പേരെടുത്തു പറയാതെ നടത്തിയ പരാമർശം ദുരുദ്ദേശപരമല്ലെന്നാണ് മനസിലാക്കുന്നതെന്ന് ടിക്കാറാം മീണ വ്യക്തമാക്കി.

അരൂരിലെ യുഡി.എഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാനുവേണ്ടി ചീഫ് ഇലക്ഷൻ ഏജന്റിന്റെ പരാതിയിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ തീർപ്പുണ്ടായത്. ഡിജിപിയിൽ നിന്നും ജില്ലാ കലക്ടറിൽ നിന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിരുന്നു. ഇതിനുപുറമെ സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകിയിരുന്നു. പൂതന പരാമർശത്തിൽ മന്ത്രിക്കെതിരെ മതിയായ തെളിവ് ഹാജരാക്കാൻ ഷാനിമോൾ ഉസ്മാന് കഴിഞ്ഞില്ലെന്നായിരുന്നു ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട്.

ഇതിനു പുറമെ പ്രസംഗത്തിന്റെ വീഡിയോയും പരിശോധിച്ചിരുന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ആരെയും പേരെടുത്തു പറഞ്ഞല്ല മന്ത്രി പരാമർശം നടത്തിയത്. ദുരുദ്ദേശത്തോടെ നടത്തിയ പരാമർശമല്ല അതെന്നാണ് മനസിലാക്കുന്നത്. അതിനാൽ മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് എത്തുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here