നീതി ആയോഗിന്റെ ഇന്നോവേഷന്‍ സൂചികയില്‍ കേരളത്തിന് ആറാം സ്ഥാനം

നീതി ആയോഗിന്റെ 2019 ലെ ഇന്നോവേഷന്‍ സൂചികയില്‍ കേരളത്തിന് ആറാം സ്ഥാനം. കര്‍ണാടകയും തമിഴ്‌നാടുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 2017 ല്‍ ഒന്നാമതെത്തിയ ഗുജറാത്ത് ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ കേരളം പുറകോട്ടാണെന്നും നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യവിഭവ മൂലധനം, നിക്ഷേപം, തൊഴില്‍ നൈപുണ്യം തുടങ്ങി ഏഴോളം മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് ഈ വര്‍ഷത്തെ ഇന്നോവേഷന്‍ സൂചിക തയാറാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളെ കേന്ദ്ര ഭരണ പ്രദേശം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, സമഗ്ര സംസ്ഥാനം എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.
സമഗ്ര വിഭാഗത്തില്‍ 19.58 പോയിന്റുമായാണ് കേരളം ആറാം സ്ഥാനത്ത് എത്തിയത്.

തൊഴില്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ ലഭ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം, മികച്ച വിദ്യാര്‍ഥി – അധ്യാപക അനുപാതം, സാങ്കേതിക വിദ്യയിലുള്ള നിക്ഷേപം തുടങ്ങിയവയില്‍ കേരളം മികവ് പുലര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വിദേശ നിക്ഷേപം, സ്വകാര്യ ഗവേഷണം, ബിസിനസ് ചെയ്യാനുള്ള സാഹചര്യം, സ്റ്റാര്‍ട്ട്അപ് കമ്പനികളുടെ എണ്ണം തുടങ്ങിയവയില്‍ കേരളം പിന്നിലാണെന്നും ഇവയില്‍ മികവ് പുലര്‍ത്താന്‍ ശ്രദ്ധ ചെലത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സ്വകാര്യ ഗവേഷണ യൂണിറ്റുകള്‍, വിദേശ നിക്ഷേപം തുടങ്ങിയവയാണ് കര്‍ണാടകത്തെ ഒന്നാമതാക്കിയ പ്രധാന ഘടകങ്ങള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം, കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസ് തുടങ്ങിയവയാണ് ഗുജറാത്തിനെ ഒന്‍പതാം സ്ഥാനത്തേക്ക് താഴ്ത്തിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സിക്കിമും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയും ആണ് മുന്നില്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top