Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (18-10-2019)

October 18, 2019
0 minutes Read

മരട് ഫ്‌ളാറ്റ് കേസ്; ജെയിൻ ബിൽഡേഴ്‌സിന്റെ ചെന്നൈയിലെ ഓഫീസിൽ റെയ്ഡ്

മരട് ഫ്‌ളാറ്റ് കേസുമായി ബന്ധപെട്ട് ജെയിൻ ബിൽഡേഴ്‌സിന്റെ ചെന്നൈയിലെ ഓഫീസിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. ജെയ്ൻ കൺസ്ട്രക്ഷൻസ് ഉടമ സന്ദീപ് മേത്തയോട് തിങ്കളാഴ്ച ഹാജരാകാൻ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപെട്ടിരുന്നു. സന്ദീപ് മേത്ത നിലവിൽ ഒളിവിലാണെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

മരട് ഫ്‌ളാറ്റ് വിഷയം; നിർമാണത്തിലെ ക്രമക്കേടിൽ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ പ്രതിക്കൂട്ടിലാക്കി സിപിഐഎം അംഗങ്ങൾ

മരടിലെ ഫ്‌ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ പ്രതിക്കൂട്ടിലാക്കി സിപിഐഎം അംഗങ്ങൾ. മിനുട്‌സിലുള്ള വിവരങ്ങൾ എഴുതി ചേർത്തതാണെന്നും നിയമം ലംഘിച്ചുള്ള നിർമാണത്തിന് അനുമതി നൽകിയത് തങ്ങളുടെ അറിവോടെയല്ലെന്നും മുൻ പഞ്ചായത്ത് അംഗങ്ങൾ 24 നോട് പറഞ്ഞു. അതേസമയം ആരോപണം നിഷേധിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെഎ ദേവസ്യയും രംഗത്തെത്തി. വിവാദ
ഫ്‌ളാറ്റ് വിഷയത്തിൽ രാഷ്ട്രീയ നേതാക്കളുടെ പങ്ക് സംബന്ധിച്ച തെളിവ് 24 പുറത്ത് വിട്ടതിന് പിന്നാലെയാണ് അംഗങ്ങളുടെ വെളിപെടുത്തൽ.

‘സഭാമക്കൾക്ക് ഉണ്ടായ വേദന വേട്ടെടുപ്പിൽ പ്രതിഫിലിക്കും’; ബിജെപിക്കുള്ള പിന്തുണ തള്ളാതെ ഓർത്തഡോക്‌സ് സഭ

അഞ്ചിടങ്ങളിൽ പരസ്യ പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കുള്ള പിന്തുണ തള്ളാതെ ഓർത്തഡോക്‌സ് സഭ. വിശ്വാസികൾ പരസ്യ പിന്തുണ പ്രഖ്യപിച്ചെങ്കിൽ അവർക്കുണ്ടായ അനുഭവങ്ങൾ മൂലമാണെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ.

ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തിനെതിരെ കുറ്റപത്രം

ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായി പി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പതിനാല് പേരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്. ഐഎൻഎക്‌സ് മീഡിയയുടെ സഹ സ്ഥാപക നേതാക്കളായ പീറ്റർ മുഖർജിയേയും ഇന്ദ്രാണി മുഖർജിയേയും പ്രതി ചേർത്തിട്ടുണ്ട്. കുറ്റപത്രത്തിന്മേലുള്ള വാദം തിങ്കളാഴ്ച നടക്കും.

‘എൻഎസ്എസ് ജാതിപറഞ്ഞ് വോട്ട് തേടി’; കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

എൻഎസ്എസിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യുഡിഎഫിന് വോട്ട് നൽകണമെന്ന പരാമർശത്തിലാണ് കോടിയേരി പരാതി നൽകിയത്. ജാതി പറഞ്ഞാണ് എൻഎസ്എസ് വോട്ട് ചോദിച്ചതെന്ന് പരാതിയിൽ പറയുന്നു. എൻഎസ്എസ് ചെയ്യുന്നത് ചട്ടലംഘനമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ജോളിയുടെ ഉറ്റ സുഹൃത്ത് റാണി എസ് പി ഓഫീസിൽ

കൂടത്തായി കൊലപാതകപരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്ത് റാണി ഹാജരായി. വടകര റൂറൽ എസ് പി ഓഫീസിലാണ് യുവതി എത്തിയത്. റാണിയിൽ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും.

സിസ്റ്റർ ലൂസി കളപ്പുരക്ക് വീണ്ടും സഭയുടെ ഭീഷണിക്കത്ത്

സഭക്കെതിരെ നൽകിയ പരാതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുരക്ക് വീണ്ടും സഭയുടെ ഭീഷണിക്കത്ത്. കന്യാസ്ത്രീകൾക്കെതിരെ നൽകിയ പരാതി പിൻവലിച്ച് മാധ്യമങ്ങളിലൂടെ നിരുപാധികം മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ലൂസിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.

സവർക്കറോട് കോൺഗ്രസ്സിന് എതിർപ്പല്ല: മൻമോഹൻ സിംഗ്

സവർക്കറോട് കോൺഗ്രസ്സിന് എതിർപ്പില്ലെന്ന് കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിംഗ്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീർ ലെജിസ്ലേറ്റിവ് കൗൺസിൽ റദ്ദാക്കി

ജമ്മു കശ്മീരിലെ സംസ്ഥാന ലെജിസ്ലേറ്റിവ് കൗൺസിൽ റദ്ദാക്കി. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ച നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് 62 വർഷം പഴക്കമുള്ള സംസ്ഥാന ലെജിസ്ലേറ്റിവ് കൗൺസിൽ റദ്ദാക്കിയത്. സംസ്ഥാന നിയമസഭ നിലനിർത്തിയിട്ടുണ്ടെങ്കിലും ഉപരിസഭയായി പ്രവർത്തിച്ചിരുന്ന സംസ്ഥാന ലെജിസ്ലേറ്റിവ് കൗൺസിൽ ഇല്ലാതാവുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top