ബലോൻ-ദി- ഓർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും

ബലോൻ-ദി- ഓർ പുരസ്കാരത്തിനു പരിഗണിക്കുന്ന ഫുട്ബോൾ താരങ്ങളുടെ ചുരുക്കപ്പട്ടിക പൂർത്തിയായി. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, വാൻ ഡൈക് എന്നിവർ 30 പേരുള്ള പട്ടികയിൽ ഇടംപിടിച്ചു.
മെസ്സി, വാൻ ഡൈക്, ക്രിസ്റ്റ്യാനോ റൊണാൾഡോ, മുഹമ്മദ് സലാ, സാദിയോ മാനെ എന്നിവരാണ് സാധ്യതകളിൽ മുന്നിൽ. പോർച്ചുഗീസ് യുവതാരം ഫെലിക്സും പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ബലോൻ- ദി – ഓർ നേടിയ ലൂക മോഡ്രിച്ചിനും ടോട്ടനത്തിന്റെ ഹാരി കെയ്നിനും പക്ഷെ പട്ടികയിൽ ഇടം കിട്ടിയില്ല. ഡിസംബറിൽ പുരസ്കാരജേതാവിനെ പ്രഖ്യാപിക്കും. വനിതാ ബലോൻ- ദി – ഓറിനായി 20 അംഗ നോമിനേഷനും പ്രഖ്യാപിച്ചിട്ടുണ്ട്.
ഫിഫ ബെസ്റ്റ് ജേതാവായ മേഗൻ റപീനോ, അമേരിക്കൻ സ്ട്രൈക്കർ മോർഗൻ, ഇംഗ്ലീഷ് ഡിഫൻഡർ ലൂസി ബ്രൗൺസ് തുടങ്ങിയവർ പട്ടികയിലുണ്ട്. കഴിഞ്ഞ തവണ ലിയോൺ താരം അദ ആയിരുന്നു വനിതാ ബലോൻ- ദി – ഓർ നേടിയത്. ബലോൻ- ദി – ഓറിനൊപ്പം ഇത്തവണ ആദ്യമായി നൽകുന്ന മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരമായ യാഷിൻ ട്രോഫിക്കായുള്ള നോമിനേഷനുകളും പ്രഖ്യാപിച്ചു. ഫ്രഞ്ച് ഫുട്ബോൾ നൽകുന്ന പുരസ്കാരത്തിനായി 10 പേരുടെ നോമിനേഷനുകൾ ആണ് പ്രഖ്യാപിച്ചത്. ഫിഫ ബെസ്റ്റ് ഗോൾ കീപ്പറായ അലിസൺ ഉൾപ്പെടെയുള്ള 10 പേരാണ് ലിസ്റ്റിൽ ഉള്ളത്. വോട്ടെടുപ്പിലൂടെ ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.