സുന്ദരനായ വില്ലന്‍ വിടപറഞ്ഞിട്ട് 18 വര്‍ഷം

നാടകവേദികളെ ഹരം കൊള്ളിച്ച് തുടക്കം, സിനിമയിലെത്തിയപ്പോള്‍ വില്ലന്‍വേഷങ്ങളിലൂടെ അസാമാന്യ പ്രകടനം. നായകനേക്കാള്‍ പ്രതിനായകന് ശ്രദ്ധകിട്ടിയിരുന്നു ഒരിക്കല്‍.. അതേ ആ പ്രതിനായകന്റെ പേരാണ് കെ പി ഉമ്മര്‍.

വേറിട്ടൊരു വില്ലനെ മലയാളികള്‍ കണ്ടുതുടങ്ങിയത് കെ പി ഉമ്മറിലൂടെയായിരുന്നു. നായകനൊപ്പം തന്നെ സൗന്ദര്യം തുളുമ്പുന്ന മുഖമുള്ള വില്ലന്‍. വേറിട്ട രീതിയിലുള്ള സംഭാഷണം. ഒറ്റക്കാഴ്ചയില്‍ തന്നെ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലുന്ന കഥാപാത്രങ്ങള്‍ അതായിരുന്നു കെ പി ഉമ്മറിന്റെ അഭിനയം.

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളെ നായക പ്രാധാന്യത്തിലേക്ക് എത്തിച്ചത് കെ പി ഉമ്മറായിരുന്നു. സിനിമാ നോട്ടീസുകളിലും അനൗണ്‍സ്‌മെന്റുകളിലുമെല്ലാം കെ പി ഉമ്മറിന്റെ പേരും ഒരിക്കല്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. സ്വഭാവ ഗുണസമ്പന്നനായ നായകന്‍, ദുസ്വഭാവങ്ങളുടെ കൂടാരമായ വില്ലന്‍ എന്നതായിരുന്നു ഒട്ടുമിക്ക നോട്ടീസുകളും അനൗണ്‍സ്‌മെന്റുകളും. 1960 – 70 കളില്‍ സുന്ദരനായ പ്രതിനായകനായും ഹാസ്യ സ്വഭാവമുള്ള തോന്നിവാസി യുവാവായും നിഷ്‌കളങ്കനായ കുടുംബക്കാരനായുമെല്ലാം ഉമ്മര്‍ അഭ്രപാളിയില്‍ തിളങ്ങി.

കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറം എന്ന പ്രദേശത്ത് 1929 ഒക്ടോബര്‍ 11 നായിരുന്നു കെ പി ഉമ്മറിന്റെ ജനനം. കെപിഎസി അടക്കമുള്ള നാടക ട്രൂപ്പുകളിലൂടെയാണ് അഭിനയജീവിതത്തിലേയ്ക്ക് കാലെടുത്തുവച്ചത്. 1965ല്‍ പുറത്തിറങ്ങിയ എം ടി വാസുദേവന്‍ നായരുടെ മുറപ്പെണ്ണിലൂടെയാണ് ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് എത്തിയത്. 1965 മുതല്‍ 1995 വരെയുള്ള കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു.

നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ എതിരാളിയായിട്ടായിരുന്നു കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്. ഭാര്യമാര്‍ സൂക്ഷിക്കുക, മരം, തെറ്റ്, കണ്ണൂര്‍ ഡീലക്‌സ്, സിഐഡി നസീര്‍, അര്‍ഹത, ആലിബാബയും 41 കള്ളന്‍മാരും, ഓര്‍ക്കാപ്പുറത്ത്, ശാലിനി എന്റെ കൂട്ടുകാരി, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്നിവയിലെ അഭിനയം ശ്രദ്ധേയമാണ്. 72 ാം വയസില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 2001 ഒക്ടോബര്‍ 29 ന് ചെന്നൈയിലെ വിജയ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top