Advertisement

ഷഫാലി വർമ്മക്ക് വീണ്ടും അർധസെഞ്ചുറി; ഇന്ത്യക്ക് 10 വിക്കറ്റ് ജയം

November 11, 2019
Google News 1 minute Read

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യൻ വനിതകൾക്ക് ഉജ്വല ജയം. ഓപ്പണർ ഷഫാലി വർമ്മ അർധസെഞ്ചുറി നേടിയ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 10 വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. വെസ്റ്റ് ഇൻഡീസ് വെച്ചു നീട്ടിയ 104 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 10.3 ഓവറിൽ ഇന്ത്യ മറികടന്നു. ഷഫാലി 69ഉം സഹ ഓപ്പണർ സ്മൃതി മന്ദന 30ഉം റൺസെടുത്ത് പുറത്താവാതെ നിന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസിന് സ്കോർ ബോർഡിൽ 14 റൺസുള്ളപ്പോൾ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 7 റൺസെടുത്ത സ്റ്റേസി ആൻ കിംഗിനെ ശിഖ പാണ്ഡെ പൂജ വസ്ട്രാക്കറുടെ കൈകളിലെത്തിച്ചു. ഒരു റൺസ് കൂടി സ്കോർബോർഡിൽ എത്തിയപ്പോഴേക്കും ആതിഥേയർക്ക് അടുത്ത വിക്കറ്റ് നഷ്ടമായി. വിക്കറ്റ് കീപ്പർ ഷമൈൻ കാംപ്ബെല്ലിനെ രാധ യാദവിൻ്റെ പന്തിൽ തനിയ ഭാട്ടിയ സ്റ്റംപ് ചെയ്തു പുറത്താക്കി.

തുടർച്ചയായി വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ വിൻഡീസ് ഇന്നിംഗ്സ് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലയിരുന്നു. ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ വിൻഡീസ് ബാറ്റർമാരെ ക്രീസിൽ തന്നെ തളച്ചിട്ടു. 23 റൺസെടുത്ത ഹേലി മാത്യൂസിനെ വേദ കൃഷ്ണമൂർത്തിയുടെ കൈകളിലെത്തിച്ച പൂജ വീണ്ടും വിൻഡീസിനു പ്രഹരം നൽകി. 32 റൺസെടുത്ത് ടോപ്പ് സ്കോററായ ചെഡേൻ നാഷൻ ദീപ്തി ശർമ്മയുടെ പന്തിൽ തനിയ ഭാട്ടിയ പിടിച്ചു മടങ്ങി. നടാഷ മക്ലീനെയും (17) ദീപ്തി തന്നെ പുറത്താക്കി. മന്ദനയാണ് നടാഷയെ കൈപ്പിടിയിലൊതുക്കിയത്. ചിനെൽ ഹെൻറി (8), ഷെനേറ്റ ഗ്രിമ്മൊണ്ട് (0) എന്നിവരെക്കൂടി പുറത്താക്കിയ ദീപ്തി നാലു വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി രണ്ട് ഓപ്പണർമാരും അനായാസമായാണ് ബാറ്റ് ചെയ്തത്. സീനിയർ താരം സ്മൃതി മന്ദനയെ കാഴ്ചക്കാരിയാക്കി മറുവശത്തു നിന്ന് ബ്രൂട്ടൽ സ്ട്രോക്ക് പ്ലേ കെട്ടഴിച്ച 15കാരി ഷഫാലിയാണ് വിൻഡീസിനെ കൂടുതൽ വിഷമിപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ നിർത്തിയ ഇടത്തു നിന്ന് തുടങ്ങിയ ഷഫാലിക്ക് പിന്തുണ നൽകുന്ന ജോലി മന്ദന ഭംഗിയായി നിർവഹിച്ചു. 35 പന്തുകളിൽ 10 ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 69 റൺസാണ് ഷഫാലി എടുത്തത്. മന്ദന 28 പന്തുകളിൽ നാല് ബൗണ്ടറികൾ സഹിതം 30 റൺസെടുത്തു.

കഴിഞ്ഞ മത്സരത്തിലും ഷഫാലി അർധസെഞ്ചുറി നേടിയിരുന്നു. ഒപ്പം സ്മൃതി മന്ദനക്കൊപ്പം ആദ്യ വിക്കറ്റിൽ 143 റൺസ് നീണ്ട റെക്കോർഡ് കൂട്ടുകെട്ടും ഷഫാലി പടുത്തുയർത്തിയിരുന്നു. മത്സരത്തിൽ 84 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്ത ഇന്ത്യക്ക് മറുപടിയായി 9 വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുക്കാനേ ആതിഥേയർക്ക് സാധിച്ചുള്ളൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here