സയ്യിദ് മുഷ്താഖ് അലി ട്രോഫി: സച്ചിൻ ബേബിക്ക് അർധസെഞ്ചുറി; കേരളത്തിനു കൂറ്റൻ സ്കോർ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ കേരളത്തിന് മികച്ച സ്കോർ. ത്രിപുരക്കെതിരെ നടന്ന മത്സരത്തിൽ, നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് കേരളം അടിച്ചു കൂട്ടിയത്. 58 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്‌ഹറുദ്ദീൻ, ബേസിൽ തമ്പി എന്നിവരും കേരളത്തിനായി തിളങ്ങി.

നന്നായാണ് കേരളം തുടങ്ങിയതെങ്കിലും രണ്ടാം ഓവറിൽ തന്നെ വിഷ്ണു വിനോദ് പുറത്തായി. 6 പന്തുകളിൽ 14 റൺസെടുത്ത വിഷ്ണു പുറത്തായതിനു ശേഷം ക്രീസിലെത്തിയ പൊന്നം രാഹുൽ (7) റണ്ണൗട്ടായി മടങ്ങിയതോടെ കേരളം പരുങ്ങലിലായി. മൂന്നാം വിക്കറ്റിൽ രോഹനൊപ്പം ചേർന്ന ക്യാപ്റ്റൻ റോബിൻ ഉത്തപ്പ കേരള ഇന്നിംഗ്സിനെ മെല്ലെയെങ്കിലും മുന്നോട്ടു നയിച്ചു. 10ആം ഓവറിൽ 19 റൺസെടുത്ത ഉത്തപ്പയും 11ആം ഓവറിൽ 30 റൺസെടുത്ത രോഹനും മടങ്ങി.

അഞ്ചാം വിക്കറ്റിൽ ക്രീസിലൊത്തു ചേർന്ന സച്ചിൻ ബേബി-മുഹമ്മദ് അസ്‌ഹറുദ്ദീൻ സഖ്യമാണ് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചത്. സച്ചിനായിരുന്നു കൂടുതൽ അപകടകാരി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 81 റൺസ് സ്കോർ ബോർഡിലേക്ക് ചേർത്തു. 17ആം ഓവറിൽ സച്ചിൻ ബേബി പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് തകർന്നത്. 28 പന്തുകളിൽ നാലു വീതം ബൗണ്ടറികളും സിക്സറുകളും സഹിതം 58 റൺസെടുത്താണ് അദ്ദേഹം പുറത്തായത്. അടുത്ത ഓവറിൽ 25 റൺസെടുത്ത അസ്‌ഹറുദ്ദീനും മടങ്ങിയതോടെ കേരളം വീണ്ടും ബാക്ക് ഫൂട്ടിലായി. 18 പന്തുകളിൽ ഓരോ ബൗണ്ടറിയും സിക്സറും സഹിതമായിരുന്നു അസ്‌ഹറുദ്ദീൻ്റെ 25 റൺസ്.

അവസാന ഓവറുകളിൽ ഗംഭീര ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ബേസിൽ തമ്പിയാണ് കേരളത്തിനെ മികച്ച സ്കോറിലെത്തിച്ചത്. 12 പന്തുകളിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതം 22 റൺസെടുത്ത ബേസിൽ ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ പുറത്തായി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More