Advertisement

കെപിസിസി ഭാരവാഹി പട്ടിക; ജംബോ കമ്മിറ്റി വേണ്ടെന്ന് മുരളീധരൻ, ജംബോ പട്ടികയല്ലെന്ന് മുല്ലപ്പള്ളി

November 11, 2019
Google News 0 minutes Read

കെപിസിസി ഹൈക്കമാൻഡിനയച്ച പുതിയ ഭാരവാഹി പട്ടികയ്‌ക്കെതിരെ കോൺഗ്രസിനുള്ളിൽ വിമർശനം. ജംബോ കമ്മിറ്റി വേണ്ടെന്നാണ് ഹൈക്കമാന്റിന്റെ നിലപാടെന്ന് മുരളീധരൻ വ്യക്തമാക്കി. അതേസമയം കെപിസിസിയുടേത് ജംബോ പട്ടികയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. പുതിയ ഭാരവാഹികളെ ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിച്ചേക്കും.

കെപിസിസി പുനഃസംഘടനയിൽ ജനറൽ സെക്രട്ടറിമാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും ഖജാൻജിയെയും ഉടൻ പ്രഖ്യാപിക്കാനിരിക്കെയാണ് കെ.മുരളീധരൻ ജംബോ പട്ടികയെ വിമർശിച്ച് വീണ്ടും രംഗത്തെത്തിയത്. ജംബോ കമ്മറ്റി ആവശ്യമില്ലെന്ന് മുരളീധരൻ പറഞ്ഞു. ഹൈക്കമാന്റിനും ഇതെ നിലപാട് തന്നെയാണ്. കഴിവുള്ള പഴയ മുഖങ്ങളെ നിലനിർത്തി പുതുമുഖങ്ങളെ കൂടി കൊണ്ടുവരണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

അതേസമയം കെപിസിസിയുടേത് ജംബോ പട്ടിക എന്ന ആക്ഷേപം ശരിയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെപിസിസി ഭാരവാഹി പട്ടിക സിപിഎം സെക്രട്ടറിയേറ്ററിന്റ അത്ര വലുതാവില്ല. എല്ലാ നേതാക്കളുമായി ആലോചിചാണ് പട്ടിക തയ്യാറാക്കിയതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

പട്ടിക ഘട്ടം ഘട്ടമായി പ്രഖ്യാപിക്കും എന്ന് ആര് പറഞ്ഞൂ എന്നും മുല്ലപ്പള്ളി ചോദിച്ചു. കെപിസിസി തയ്യാറാക്കിയ പട്ടിക സോണിയ ഗാന്ധിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ജെംബോ കമ്മിറ്റി ആണെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ കെ.പി.സി.സി. സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് നിലവിലെ ധാരണ. 126 പേരുടെ പട്ടികയാണ് കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here