Advertisement

രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ തെരഞ്ഞെടുപ്പ് കമ്മീഷണർ

November 11, 2019
Google News 0 minutes Read

എഴുതിയ പരീക്ഷകളുലെല്ലാം ഒന്നാം റാങ്കുകാരൻ എന്ന അത്യപൂർവ്വ ബഹുമതിക്ക് ഉടമയായ ടിഎൻ ശേഷൻ എന്ന തിരുനെല്ലായി നാരായണ അയ്യർ ശേഷൻ. പാലക്കാട് തിരുനെല്ലായി ഗ്രാമത്തിൽ 1933 മെയ് 15നായിരുന്നു ടിഎൻ ശേഷന്റെ ജനനം. പിതാവ് പ്രഗത്ഭ അഭിഭാഷകനായിരുന്ന നാരായണ അയ്യർ. അമ്മ സീതാലക്ഷ്മി.

1955ൽ ഐഎഎസ് നേടിയ അദ്ദേഹം തമിഴ്‌നാട് കേഡർ ആവശ്യപ്പെടുകയായിരുന്നു. 1956 ലാണ് തന്റെ ഔദ്യോഗിക ജീവിതം അദ്ദേഹം ആരംഭിക്കുന്നത്. തുടർന്ന് 1962ൽ തമിഴ്‌നാട് ട്രാൻസ് പോർട്ട് ഡയറക്ടറായി ചുമതലയേറ്റു. 1968ൽ കേന്ദ്ര സർവീസായ അണുശക്തി വകുപ്പിലും സേവനം അനുഷ്ഠിച്ചു. 1986ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്റെ സുരക്ഷ ചുമതലയുള്ള സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചു. 1988ൽ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം 1989ൽ കാബിനറ്റ് സെക്രട്ടറിയയിരുന്നു. വിപിസിംഗിന്റെ കാലത്ത് ആസൂത്രണ കമ്മീഷനിലേക്ക് നിയമിച്ചു.

ഔദ്യോഗിക ജീവിതത്തിൽ വിവിധ വകുപ്പുകളിൽ ചുമതല വഹിച്ചിരുന്ന അദ്ദേഹം, എസ് ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കെ 1990ലാണ് തെരഞ്ഞടുപ്പ് കമ്മീഷണറായി ചുമതലയേൽക്കുന്നത്. തുടർന്നുള്ള ആറ് വർഷക്കാലം രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അസാധാരണമായ പരിവർത്തനങ്ങൾ കൊണ്ടുവരാൻ ടിഎൻ ശേഷന് കഴിഞ്ഞു.

തെരഞ്ഞെടുപ്പുകളെ പണം ഉപയോഗിച്ച് അട്ടിമറി നടത്തുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തു. പെരുമാറ്റചട്ട ലംഘനത്തിനെതിരെ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. 1993ൽ ഹിമാചൽപ്രദേശ് ഗവർണറായിരുന്ന ഗുൽഷേർ അഹമ്മദിന് രാജിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായത് പെരുമാറ്റചട്ട ലംഘനത്തിന്റെപശ്ചാത്തലത്തിലായിരുന്നു.  ബൂത്ത് പിടിത്തവും കള്ളവോട്ടും വോട്ടർ പട്ടികയിലെ ക്രമക്കേടുകളും തടയാൻ ടിഎൻ ശേഷൻ നടത്തിയ ചുവടുവയ്പ്പുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംശുദ്ധമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കി. തെരഞ്ഞെടുപ്പിനായി നിലവിലുള്ള ജനപ്രതിനിധികൾ സർക്കാർ വാഹനങ്ങളും പദവിയും ഉപയോഗിക്കുന്നതിന് അറുതി വരുത്തിയത് ടിഎൻ ശേഷനാണ്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ മിന്നൽ സംഘങ്ങളുടെ സന്ദർശനങ്ങളും തുടർന്ന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്ന കർശന നടപടികളും അദ്ദേഹം മുഖം നോക്കാതെ പാലിച്ചു പോന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ പദവിയിൽ നിന്ന് വിരമിച്ച ശേഷൻ 1997ൽ രാഷ്ട്രപതി തെരഞ്ഞടുപ്പിൽ കെആർ നാരായണനെതിരെ മത്സരിച്ചു പരാജയപ്പെട്ടു. തുടർന്ന് 1999ൽ ലോക്‌സഭയിലേക്ക് മത്സരിച്ചും പരാജയപ്പെട്ടു.

കേരള സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന ആർ എസ് കൃഷ്ണന്റെ മകളും രാപ്പാൾ സ്വദേശിനിയുമായജയലക്ഷമി ആണ്‌ ഭാര്യ. 2018 മാർച്ച് 31ന് ഭാര്യ മരിച്ചു. ഇവർക്ക് മക്കൾ ഇല്ല. മഗ്‌സസെ അവാർഡ്, ലോകമാന്യ തിലക് ട്രസ്റ്റ് അവാർഡ്, സുലഭ ഇന്റർനാഷണൽ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾക്ക് ടിഎൻ ശേഷൻ അർഹനായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here