സൂയസ് കനാലിന് 150 വയസ്

ലോകത്തിലെ ഏറ്റവും പ്രശസ്തവും സങ്കീർണവുമായ സമുദ്രപാത സൂയസ് കനാലിന് 150 വയസ്. 1869 നവംബർ 17നാണ് സൂയസ് കനാൽ തുറന്നത്. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഈജിപ്തിലെ ഈ കടൽപാതയാണ്. ഈജിപ്തിലെ സൂയസ് ഇസ്ത് മസ് കരഭൂമിയുടെ തെക്കു വടക്കായാണ് സൂയസ് കനാൽ സ്ഥിതി ചെയ്യുന്നത്.

മെഡിറ്ററേനിയൻ തീരത്തുള്ള സെദ് തുറമുഖം മുതൽ തെക്ക് സൂയസ് പട്ടണത്തോട് ചേർന്നുള്ള തെഫിക് തുറമുഖം വരെയണ് സൂയസ് കനാലിന്റെ സ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലപാതയാണ് സൂയസ് കനാൽ. 150 വർഷം മുമ്പ് 1869 നവംബർ 17ന് നെപ്പോളിയൻ മൂന്നാമന്റെ പത്‌നിയും ഫ്രഞ്ച് ചക്രവർത്തിനിയുമായ യൂജിൻ ആണ് പാത ഉദ്ഘാടനം ചെയ്തത്.

പനാമ മുനമ്പിന് കുറുകെയൊരു കനാൽ നിർമിക്കാനുള്ള  പദ്ധതി പരാജയപ്പെട്ടതിനെ തുടർന്നാണ് സൂയസ് കനാലിന്റെ നിർമാണം നടക്കുന്നത്. 1854ൽ ഫ്രഞ്ച് നയതന്ത്രജ്ഞനായിരുന്ന ഫെർഡിനന്റ് ഡെ ലെസ്സെപ്സ് ഈജിപ്ത് ഭരണാധികാരിയായ സെയ്ദ് പാഷയോട് സൂയസ് കനാലിന്റെ നിർമാണത്തിന് അനുമതി തേടി. തുടർന്ന് 1855ൽ ലെസ്സെപ്സ് സൂയസ് കനാൽ കമ്പനി സ്ഥാപിച്ചു. നാല് വർഷത്തിന് ശേഷം 1859ൽ കനാൽ നിർമാണം തുടങ്ങി. നിർമാണത്തിനിടയിൽ ഭക്ഷണമില്ലാതെയും ചികിത്സ കിട്ടാതെയും ഒരു ലക്ഷത്തി ഇരുപതിനായിരം പേരാണ് മരിച്ചത്. 10 വർഷത്തോളമെടുത്താണ് കനാലിന്റെ നിർമാണം പൂർത്തിയാക്കിയത്. അന്ന് 164 കിലോമീറ്ററായിരുന്നു കനാലിന്റെ ദൂരം.

1956 ജൂലായ് 26ന് ഈജിപ്ത് പ്രസിഡന്റ് ഗമാൽ അബ്ദുൾ നാസർ കനാൽ ദേശസാത്കരിച്ചത് ലോകരാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവുകളിലൊന്നായിരുന്നു. ഇത് ബ്രിട്ടനും ഫ്രാൻസിനും ഇസ്രയേലിനും തിരിച്ചടിയായി. ഇവർ ഈജിപ്തിനെതിരെ തിരിഞ്ഞതോടെ ‘സൂയസ് പ്രതിസന്ധി’ ഉടലെടുത്തു. ഒരു വർഷത്തോളം സൂയസ് കനാൽ അടഞ്ഞുകിടന്നു. 1967ൽ അറബ്-ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് സൂയസ് കനാൽ വീണ്ടും അടച്ചു. എട്ട് വർഷത്തിനുശേഷം 1975ലാണ് കനാൽ വീണ്ടും തുറക്കുന്നത്.

ചരിത്രത്തിൽ ഉറങ്ങിയിരുന്ന സൂയസ്

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ചെങ്കടലിലും മെഡിറ്ററേനിയൻ കടലിനുമിടയിൽ ഗതാഗതം ഉമഅടായിരുന്നതായാണ് ചില രേഖകൾ സൂചിപ്പിക്കുന്നത്. ക്രിസ്തുവിനു മുൻപ് തന്നെ ഫറവോമാർ സീനായ് മരുഭൂമിയിലൂടെ ഒരു കനാൽ ഉണ്ടാക്കിയിരുന്നത്രേ…കാല ക്രമേണ ഈ പാത തെളി നിറഞ്ഞ് അടയപ്പെട്ടു. പിന്നീട് ദാരിയസ് രാജാവ് കനാൽ പുനർ നിർമിക്കാൻ തീരുമാനിച്ചു. നിർമാണം പൂർത്തീകരിക്കപ്പെട്ടത് ടോളമി രാജാവിനാലാണെന്ന് കരുതപ്പെടുന്നു. എന്നാൽ,  കാലക്രമേണ പിന്നെയും ഈ പാത മൂടപ്പെട്ടു. ഈ കാലയളവിൽ കച്ചവടത്തിനായി മരുഭൂമിയെ ആശ്രയിച്ചു തുടങ്ങി. അറേബ്യൻ കൊള്ളക്കാരുടെ ശല്യം വർധിച്ചതോടെ യൂറോപ്യന്മാരെകൊണ്ട് മറ്റൊരു മാർഗത്തെക്കുറിച്ച് ചിന്തിപ്പിച്ചു.

പ്രതീക്ഷയുടെ മുനമ്പ് ചുറ്റിയുള്ള വാസ്‌ഗോഡ ഗാമയുടെ വരവ് പുതിയൊരു കപ്പൽ പാതയ്ക്ക് വഴി തുറന്നു. പിന്നീടുള്ള കച്ചവടക്കാരും ഏഷ്യയിലേക്കെത്താൻ ഈ മാർഗം ഉപയോഗിച്ചു തുടങ്ങി. എന്നാൽ,  പ്രശ്‌നം അവിടെയും തീർന്നില്ല. ഈ കപ്പൽ യാരത്രയ്ക്ക് ഏതാണ്ട് നാലു മതൽ അഞ്ച് മാസം വരെ സമയം എടുത്തിരുന്നു. പിന്നെയും മറ്റൊരു മാർഗം അവലംബിക്കാൻ നാവികർ നിർബന്ധിതരായി. 18-ാം നൂറ്റാണ്ടിൽ നെപ്പോളിയന്റെ മുന്നേറ്റം ഈജിപ്തിനെയും കീഴടക്കി. നെപ്പോളിയന്റെ എഞ്ചിനിയർമാർ നടത്തിയ ഗവേഷണത്തിൽ സീനായ് മരുഭൂമിയിൽ നിന്ന് ഒരു കനാൽ പാത ഉണ്ടായിരുന്നതായി കണ്ടെത്തി. എന്നാൽ, നിർമാണം അസാധ്യമെന്ന് കരുതി.

വൈസ്രോയി മുഹമ്മദ് അലിയുടെ ഭരണത്തിൻ കീഴിൽ ഈജിപ്ത് എത്തിയപ്പോൾ കനാൽ നിർമാണത്തകുറിച്ച് ചിന്തിച്ചു തുടങ്ങി. ഫ്രഞ്ച് എഞ്ചിനിയർ ഫെർഡിനാൻസ് മുഹമ്മദ് അലിയുടെ പിൻഗാമി മുഹമ്മദ് സയിദുമായി നല്ല സൗഹൃദത്തിലായിരുന്നു. ഫെർഡിനാന്റിന്റെ പ്രേരണയിൽ സയിദ് സൂയിസ് കനാൽ നിർമാണത്തിന് അനുമതി കൊടുത്തു.

2015 ഓഗസ്റ്റ് ആറിന് നവീകരിച്ച കനാൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താ അൽസിസി തുറന്നു നൽകി. 35 കിലോമീറ്റർ നീളം കൂട്ടി ഇരുഭാഗത്തേക്കും കപ്പലുകൾക്ക് യാത്ര അനുവദിച്ചു. ഇപ്പോൾ പ്രതിവർഷം 19,000ത്തോളം കപ്പലുകളാണ് ഈ സമുദ്രപാതയിലൂടെ പോകുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാത, ദിവസം ശരാശരി 50 കപ്പലുകൾ. മധ്യധരണ്യാഴിയെ ചെങ്കടൽ വഴി ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന സൂയസ് കനാൽ യൂറോപ്പിൽ നിന്ന് ഏഷ്യയിലേയ്ക്ക് ആഫ്രിക്കൻ വൻകര ചുറ്റിയുള്ള യാത്ര ഒഴിവാക്കാൻ സഹായിക്കുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More