Advertisement

ഷെഹ്ല ഷെറിന്റെ മരണം; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്

December 12, 2019
Google News 0 minutes Read

സുൽത്താൻ ബത്തേരി സർവജന സ്‌കൂൾ വിദ്യാർഥിനി ഷെഹ്ല ഷെറിൻ ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചു. ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ ഭരണ സെക്രട്ടറി, ഡിജിപി എന്നിവരിൽ നിന്ന് വിശദീകരണം തേടി. സംഭവത്തിൽ സ്വമേധയാ കേസ് എടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി നടപടി.

സംസ്ഥാനത്തെ എല്ലാ സ്‌കൂളിലെയും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ അബ്ദുൾ റഹീമും ജയശങ്കർ നമ്പ്യാറും നൽകിയ കത്ത് പരിഗണിച്ച് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ച് നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡിജിപി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ ഭരണ സെക്രട്ടറി എന്നിവർക്ക് കത്തയച്ചത്.

മൂന്നാഴ്ചയ്ക്ക് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോൾ വിശദീകരണം നൽകാനാണ് നിർദേശം. ഷെഹ്ലയുടെ മരണത്തെത്തുടർന്ന് വയനാട് ജില്ലാ ജഡ്ജി, സ്‌കൂളും പരിസരങ്ങളും സന്ദർശിച്ചതിന്റെ റിപ്പോർട്ട് ഉൾപ്പെടെ സമർപ്പിച്ചാണ് ജഡ്ജിമാർ ഹൈക്കോടതിക്ക് കത്തയച്ചത്. സ്‌കൂളിലെ കുറവുകളൊന്നും പരിശോധിക്കാതെ തദ്ദേശഭരണവകുപ്പ് അസിസ്റ്റന്റ് എൻജിനിയർ സ്‌കൂളിന് മെയ് 20ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയത് ഗൗരവമേറിയ വിഷയമാണെന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു. കേരള വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള പരിശോധനകളൊന്നും നടന്നതായി തെളിവില്ല. പ്രഥമശുശ്രൂഷയിൽ അധ്യാപകർക്ക് പരിശീലനം നൽകിയിട്ടില്ല. സ്‌കൂൾ മൈതാനം പുറമെനിന്നുള്ളവരും ഉപയോഗിക്കുന്നു.

സ്‌കൂളും പരിസരവും കൃത്യമായ സമയത്ത് ശുചീകരിക്കുന്നില്ല. തദ്ദേശഭരണവകുപ്പും ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തുന്നില്ല. പിടിഎകളും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളും ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുസമീപമുള്ള ആശുപത്രികളിൽ പാമ്പുകടിക്കുള്ള ചികിത്സയോ ഐസിയു സൗകര്യമുള്ള ആംബുലൻസുകളോ ഇല്ല. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഭയജനകമാണ്. വിവിധ ജില്ലകളിലെ പിന്നോക്ക പ്രദേശങ്ങളിലെ സ്ഥിതി കൂടുതൽ മോശമാണ്. വിദ്യാർഥികളുടെ, ജീവനും സുരക്ഷയ്ക്കും കരുതലിനുമുള്ള അവകാശം സംരക്ഷിക്കാൻ കോടതി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇത് ഉൾപ്പെടെയുള്ള റിപ്പോർട്ടിലെ കാര്യങ്ങൾ പരിഗണിച്ചാണ് വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here