ചരിത്ര നായകനായി വീണ്ടും മമ്മൂട്ടി; ചാവേറുകളുടെ രാജാവ് ചന്ദ്രോത്ത് വലിയ പണിക്കർ; മാമാങ്കം റിവ്യൂ

/ യു പ്രദീപ്
കൂടപ്പിറപ്പുകളെ മഹാ ചക്രവര്‍ത്തിമാര്‍ക്ക് വധിക്കാന്‍ വിട്ടു കൊടുക്കുന്ന കുടിപ്പകയ്ക്ക് എതിരെയുള്ള സന്ദേശവുമായി മമ്മൂട്ടി ചിത്രം ‘മാമാങ്കം’ തീയറ്ററുകളിലെത്തി. ആരാധകരെ തെല്ലും നിരാശപ്പെടുത്താതെ, വിവിധ ഗെറ്റപ്പുകളില്‍ മമ്മൂട്ടി എത്തുന്നു എന്നതിനൊപ്പം, അതിവിശാല കാന്‍വാസില്‍ ചരിത്ര സംഭവങ്ങളെ ഭാവനയിലൂടെ പോര്‍ട്രെയ്റ്റ് ചെയ്യുന്നു എന്നതും മാമാങ്കത്തിന്റെ ഹൈലൈറ്റാണ്. അടിമകളായി ജീവിക്കുന്നതിലും ഭേദം യുദ്ധമുഖത്ത് ചാവേറുകളായി ജീവന്‍ വെടിയുകയാണെന്ന് അടിയുറച്ച് വിശ്വസിക്കുന്ന വള്ളുവനാട്ടുകാരുടെ കഥയാണ് മാമാങ്കം.
വെള്ളാട്ടിരിയെ വാഴിക്കാന്‍ ഇനിയും മരിക്കാന്‍ തയാര്‍
ആയിരങ്ങളാണ് തിരുനാവായിലെ മാമാങ്ക ബലിത്തറയില്‍ ചാവേറുകളായി മരിച്ചുവീണത്. ചതിയിലൂടെ തങ്ങളില്‍ നിന്ന് മാമാങ്കാവകാശവും മണിത്തറയും തട്ടിയെടുത്ത സാമൂതിരിയുടെ കഴുത്തറുത്ത്, വള്ളുവനാടന്‍ ദേശ രാജാവ് വെള്ളാട്ടിരിയെ വാഴിക്കാനായി, മലക്കങ്ങളും പെരുമലക്കങ്ങളും പരിശീലിച്ച്, പ്രബലരായ സാമൂതിരി കിങ്കരന്മാരുടെ കണ്ണുവെട്ടിച്ച് തിരുനാവായയിലെത്തുമെങ്കിലും, ഓരോ തവണയും മാമാങ്ക ബലിത്തറയില്‍ ജീവന്‍ നഷ്ടപ്പെടുത്താനാണ് ഇവരുടെ വിധി. അടിമക്കൊടി അയച്ച് അടിയറവ് പറയാന്‍ വള്ളുവനാട്ടുകാര്‍ ഒരിക്കലും തയാറായില്ല. ആരും മുന്നോട്ടുവന്നില്ലെങ്കില്‍ ആറങ്ങോട്ടെ ചന്ദ്രോത്ത് തറവാട്ടിലെ പണിക്കന്മാര്‍ ചാവേറുകളായി മാമാങ്കത്തിന് തിരിക്കുക തന്നെ ചെയ്യും.
വള്ളുവനാട്ടിലെ പെണ്ണുങ്ങള്‍ പ്രസവിക്കുന്നതെന്തിന്…?
വള്ളുവനാടിന്റെ മാനം കാക്കാനല്ലെങ്കില്‍ ഇന്നാട്ടിലെ പെണ്ണുങ്ങളെല്ലാം എന്തിന് പ്രസവിക്കുന്നു എന്ന് തറവാട്ട് കാരണോത്തി ഉറക്കെ ചോദിക്കുമ്പോള്‍, ചാവേറുകളുടെ ഉറ്റവര്‍ നിസഹായരായിത്തീരുന്നു. തിരുമാന്ധാംകുന്നിലമ്മ സ്വപ്നത്തില്‍ വന്ന് അരുളിപ്പാട് ചെയ്യുക കൂടി ചെയ്യുമ്പോള്‍, ചന്ദ്രോത്ത് തറവാട്ടിലെ പുതു തലമുറയും കച്ച മുറുക്കുകയായി. അപ്പോഴൊക്കെ അവര്‍ ശപിക്കുന്നത് ആറങ്ങോട്ട് കരക്കാരെ ഒന്നടങ്കം ചതിച്ച്, കുലത്തെ നാണം കെടുത്തി ഒളിച്ചോടിപ്പോയ ഒരു ചാവേറിനെയാണ്; ചന്ദ്രോത്ത് വലിയ പണിക്കരെ. സ്വന്തമായി പേരു പോലും ഉച്ചരിക്കാന്‍ അവകാശമില്ലാത്ത ചന്ദ്രോത്ത് വലിയ പണിക്കരെയാണ് മമ്മൂട്ടി ‘മാമാങ്ക’ത്തില്‍ അയത്‌നലളിതമായി അവതരിപ്പിക്കുന്നത്.
കശ്മീരത്തിലെ കുങ്കുമത്തേക്കാള്‍ ചുവപ്പ് വള്ളുവനാടന്‍ ചെമ്പരത്തിക്ക്
സാമൂതിരിയെ നാമാവശേഷമാക്കാന്‍ വായുവില്‍ പറന്നുയര്‍ന്നു പയറ്റുന്ന ഏകാംഗ സൈനികന്‍, കശ്മീരത്തിലെ കുങ്കുമത്തേക്കാള്‍ ചുവപ്പ് വള്ളുവനാട്ടിലെ ചെമ്പരത്തിയുടെ ചോര നിറത്തിനാണെന്ന് ഉറക്കെ ആത്മഗതം ചെയ്യുന്ന ചിത്രകാരന്‍ കുറുപ്പ്, പുതു തലമുറ യോദ്ധാക്കള്‍ക്ക് അതിവിശിഷ്ട കായിക മുറകള്‍ പരിശീലിപ്പിക്കുകയും നാടിന്റെ അവസാന ചാവേറിനേയും ദൈവക്കിടാവെന്ന് അനുഗ്രഹിച്ചയക്കുകയും ചെയ്യുന്ന സമുറായ്.. ഇങ്ങനെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കളിയാട്ടം.
കുറോസോവയുടെ റാഷമണ്‍ റീ ടോള്‍ഡ്
സ്‌ക്രീന്‍ ടൈം പരിശോധിച്ചാല്‍ മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ താരതമ്യേന കുറച്ചു സമയം മാത്രമേ ചിത്രത്തിലുള്ളൂ. ഉണ്ണി മുകുന്ദനും അച്യുതന്‍ എന്ന ബാലതാരവും അവതരിപ്പിച്ച പുതുതലമുറ ചന്ദ്രോത്ത് പണിക്കന്മാരും സിദ്ദിഖിന്റെ വില്ലന്‍ കഥാപാത്രവുമാണ് മാമാങ്കത്തെ മുന്നോട്ട് നയിക്കുന്നത്. അകിരാ കുറോസോവയുടെ ‘റാഷമണ്‍’ എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്ന വിധം ഒരു മര്‍ഡര്‍ മിസ്റ്ററിയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്ത് വലിച്ചുനീട്ടിയത് കല്ലുകടിയായി.
സൈരന്ധ്രിയായി വേഷപ്പകര്‍ച്ച
ചാവേറുകളുടെ സുരക്ഷാ ഭടനായി അവര്‍ക്കൊപ്പം സഞ്ചരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഇടത്താവളം ഒരു ബ്രോത്തല്‍ ഹൗസാണ്. അവിടെ നടക്കുന്നതെല്ലാം നാടകം. വേശ്യാവൃത്തിയിലേര്‍പ്പെടുന്ന സുന്ദരികളോടൊപ്പം സ്‌ത്രൈണ ഭാവത്തില്‍ നൃത്തംവയ്ക്കുകയും ചാവേറുകള്‍ക്ക് മാമാങ്കത്തറ അടയാളപ്പെടുത്താനായി വേശ്യാഗൃഹത്തിന്റെ ചുവരില്‍ ദിവസങ്ങള്‍ നീണ്ട ദേവചിത്ര രചന നടത്തുന്നതും കണ്ടു പഴകിയ മെലോ ഡ്രാമ മാത്രം.
സ്‌ക്രീന്‍ പ്ലേ അഡാപ്‌റ്റേഷന്‍ ആന്റ് ഡയലോഗ്‌സ്
കടുകട്ടി ഡയലോഗുകളുടെ അതിപ്രസരത്താല്‍ പലപ്പോഴും കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നുണ്ട്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍, കഥാകൃത്തിന്റെ പേര് സിനിമയില്‍ ഉപയോഗിക്കരുതെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് ചിത്രത്തിന്റെ ക്രെഡിറ്റില്‍ ശങ്കര്‍ രാമകൃഷ്ണന്റെ പേര് തെളിഞ്ഞത് ഇങ്ങനെ: ‘സ്‌ക്രീന്‍ പ്ലേ അഡാപ്‌റ്റേഷന്‍ ആന്റ് ഡയലോഗ്‌സ് – ശങ്കര്‍ രാമകൃഷ്ണന്‍’. ( കോടതിയലക്ഷ്യം ആകുമോ എന്തോ…?)
മാമാങ്കത്തില്‍ രഞ്ജിത്തും
സംവിധായകന്‍ രഞ്ജിത്തിന്റെ വോയ്‌സ് ഓവറോടെയാണ് ‘മാമാങ്കം’ തുടങ്ങുന്നത്. ലളിതമായ വാചകങ്ങളില്‍ മാമാങ്കത്തിന്റെ ചരിത്രം രഞ്ജിത്ത് ഈ വിവരണത്തിലൂടെ പ്രേക്ഷകരോട് പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ ഈ ലാളിത്യം കാത്തുസൂക്ഷിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിക്കാതെ പോയോ എന്ന സംശയം ബാക്കിനില്‍ക്കുന്നു.
യഥാര്‍ത്ഥ നായകന്‍ ബാലതാരം
ചന്ദ്രോത്ത് പണിക്കരുടെ അനന്തരവന്‍ 12 കാരനായ ചന്തുണ്ണിയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. അച്യുതന്‍ എന്ന ബാലതാരം അവതരിപ്പിച്ച കഥാപാത്രം ഏറെ കൈയടി നേടുന്നുണ്ട്. വായുവില്‍ പറന്നുയര്‍ന്ന് അതിഭാവുകത്വം സൃഷ്ടിക്കുമ്പോഴും, റിച്ച് ഫ്രെയിമുകളിലൂടെ പ്രൊഫഷണലിസം തിരികെ പിടിക്കാന്‍ സംവിധായകന്‍ എം പത്മകുമാറും ക്യാമറാമാന്‍ മനോജ് പിള്ളയും കിണഞ്ഞ് ശ്രമിച്ചിട്ടുണ്ട്.
യഥാര്‍ത്ഥ മാമാങ്കത്തിന്റെ അവശിഷ്ടങ്ങളുടെ ഡോക്യുമെന്റേഷനോട് കൂടിയാണ് ചിത്രം അവസാനിക്കുന്നത്. മലപ്പുറം ജില്ലയിലെ പാങ്ങ് എന്ന സ്ഥലത്ത് ചന്തുണ്ണിയുടെ (അച്യുതന്‍ കഥാപാത്രം) സ്മാരകം ഇപ്പോഴുമുണ്ട്.
അപാര സാധ്യതകള്‍ തുറന്ന് ‘മാമാങ്കം’
ചരിത്ര സിനിമകളുടെ ഗണത്തിലെ പുതിയ ഉദ്യമം എന്ന നിലയില്‍ ‘മാമാങ്ക’ത്തിന് നിര്‍ണായക സ്ഥാനം തന്നെയുണ്ട്. സ്വന്തം നാടിന്റെ അഭിമാനം രക്ഷിക്കാനായി ജീവത്യാഗം ചെയ്യുന്നവരുടെ കഥയാണല്ലോ ഇത്. മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ഏറെ ആവേശം കൊള്ളാനുള്ള തിരുകിക്കയറ്റലുകള്‍ ഇല്ല എന്നത് വാണിജ്യ തലത്തില്‍ എങ്ങനെ സ്വാധീനിക്കുമെന്ന് ഇനിയുള്ള നാളുകളിലേ അറിയാന്‍ കഴിയൂ. ഒരുപക്ഷേ മലയാളത്തേക്കാള്‍ കൂടുതല്‍ അന്യഭാഷകളില്‍ സ്വീകരിക്കപ്പെടാന്‍ സാധ്യതയുള്ള എല്ലാ ചേരുവകളും മാമാങ്കത്തിലുണ്ട്. ഉണ്ണി മുകുന്ദന്‍ എന്ന നടന് ബോളിവുഡിലേക്കുള്ള അവസരങ്ങള്‍ തുറന്നുകിട്ടാന്‍ മാമാങ്കം വഴിയൊരുക്കിയേക്കും. 1921 ന്റെയും ദുബായ്‌യുടെയും ഗതി മാമാങ്കത്തിനുണ്ടാകില്ലെന്ന് തീര്‍ച്ച.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here