വരാപ്പുഴ കസ്റ്റഡി മരണക്കേസ്; ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ പൊലീസുകാരാണ് ആദ്യമൂന്നു പ്രതികള്‍. എസ്‌ഐ ദീപക്കിനെ നാലാം പ്രതിയും സിഐ ക്രിസ്പിന്‍ സാമിനെ അഞ്ചാം പ്രതിയുമാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

വരാപ്പുഴ സ്റ്റേഷനിലെ നാലു പൊലീസുകാരും പ്രതിപ്പട്ടികയിലുണ്ട്. പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെല്ലാം സര്‍വീസില്‍ തിരിച്ചെത്തിയിരുന്നു. അതേസമയം ഗൂഢാലോചനയില്‍ പങ്കുള്ളതായി ആരോപണം നേരിട്ട മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെതിരെ വകുപ്പുതല നടപടി എടുത്തെങ്കിലും പ്രതിപ്പട്ടികയില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. എ വി ജോര്‍ജ് ഉള്‍പ്പെടെ കേസില്‍ ആകെ 175 സാക്ഷികളുണ്ട്.

2018 ഏപ്രില്‍ ഒമ്പതിനാണ് ക്രൂരമായ കസ്റ്റഡി മര്‍ദനത്തിനിരയായി വരാപ്പുഴ സ്വദേശി ശ്രീജിത്ത് കൊല്ലപ്പെട്ടത്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് റൂറല്‍ ടൈഗര്‍ ഫോഴ്സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. വാഹനത്തില്‍ കൊണ്ടുപോകുന്ന വഴി ജീപ്പിലിട്ടും തുടര്‍ന്ന് സ്റ്റേഷനിലും ശ്രീജിത്ത് ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ടെന്നാണ് കേസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top