Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി നിയമസഭ

December 31, 2019
Google News 2 minutes Read

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. നിയമ ഭേദഗതി റദ്ദാക്കണമെന്ന ഉള്ളടക്കമുള്ള പ്രമേയം ഭരണ- പ്രതിപക്ഷാംഗങ്ങൾ ഒരേസ്വരത്തിൽ അനുകൂലിച്ചു. മൂന്ന് പ്രധാന പ്രമേയങ്ങളാണ് സഭ ഇന്ന് പാസാക്കിയത്. മറ്റ് സംസ്ഥാന ജനപ്രതിനിധി സഭകൾക്ക് മാതൃകയായ നടപടിയാണിതെന്ന് സ്പീക്കർ പി രാമകൃഷ്ണൻ പറഞ്ഞു.

ലോക്‌സഭയിലും നിയമസഭകളിലും പട്ടികജാതി-പട്ടിക വർഗ സംവരണം പത്ത് വർഷം നീട്ടാനുള്ള ഭരണഘടനാ ഭേദഗതിയെ അനുകൂലിച്ചുള്ള പ്രമേയവും നിയമനിർമാണ സഭയിൽ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന്റെ പ്രതിനിധ്യം അവസാനിപ്പിച്ചതിനെതിരെയുള്ള പ്രമേയവും സഭ പാസാക്കി. ശേഷം സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

Read Also: പൗരത്വ നിയമവും പൗരത്വ പട്ടികയും ഒരെ നാണയത്തിന്റെ രണ്ടു വശങ്ങള്‍: വി ഡി സതീശന്‍

ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയമവതരിപ്പിച്ചു. പ്രതിപക്ഷ എംഎൽഎ വിഡി സതീശൻ പ്രമേയ നോട്ടീസ് നൽകിയിരുന്നെങ്കിലും അതേ വിഷയം സർക്കാർ തന്നെ അവതരിപ്പിക്കുന്നതിനാൽ അനുമതി കിട്ടിയില്ല.

നിയമം ലക്ഷ്യം വയ്ക്കുന്നത് മതരാഷ്ട്ര സമീപനമാണെന്നും ഇത് സമത്വ തത്വത്തിന്റെ ലംഘനമാണെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. ഇന്ത്യയുടെ ദേശീയത വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഉൾക്കൊണ്ട് രൂപപ്പെട്ടതാണ്. പൗരത്വം നൽകുന്നതിൽ മതം അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനം അരുത്. നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുണ്ടായി, സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾ ഒറ്റക്കെട്ടും സമാധാനപരവുമായിരുന്നു. പൗരത്വനിയമ ഭേദഗതി ഭരണഘടന മുന്നോട്ട് വയ്ക്കുന്ന മതനിരപേക്ഷതക്ക് കടകവിരുദ്ധമാണ്. വലിയൊരു വിഭാഗം ജനങ്ങളിൽ ഉയർന്ന് വരുന്ന ആശങ്കകൾ പരിഗണിച്ച് നിയമം റദ്ദാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതായി പ്രമേയത്തിലുണ്ട്.

കേന്ദ്രസർക്കാർ തുടർച്ചയായി മുസ്ലീങ്ങളെ ഉന്നം വെക്കുന്നുവെന്നും നിയമം പാർലമെന്റിൽ പാസാക്കിയാൽ മാത്രം ശിരസാവഹിക്കുമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുറിവേറ്റത് ഭരണഘടനയുടെ ആത്മാവിനെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ബിജെപിയുടെ ഒ രാജഗോപാലൊഴികെ ബാക്കി എല്ലാ എംഎൽഎമാരും പ്രമേയത്തെ പിന്തുണച്ചു. പാർലമെന്റ് പാസാക്കിയ നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നത് നിയമവിരുദ്ധമാണെന്ന് ബിജെപി എംഎൽഎ പ്രതികരിച്ചു.

 

 

anti caa proposal passed in kerala assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here