പ്രായത്തട്ടിപ്പ്; രണ്ട് നൈറ്റ് റൈഡേഴ്സ് താരങ്ങളെ ശിക്ഷിക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും പ്രായത്തട്ടിപ്പ് വിവാദം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ രണ്ട് യുവ കളിക്കാർക്കെതിരെയാണ് പുതിയ ആരോപണം. ഡൽഹി ബാറ്റ്സ്മാനായ നിതീഷ് റാണ, ഉത്തർപ്രദേശ് പേസറും കഴിഞ്ഞ അണ്ടർ-19 ലോകകപ്പിൽ കളിച്ച ഇന്ത്യൻ ടീമിൽ അംഗവുമായിരുന്ന ശിവം മവി എന്നിവരാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. നേരത്തെ, അണ്ടർ- 19 ലോകകപ്പ് ഫൈനലിൽ സെഞ്ചുറിയടിച്ച മാൻജോത് കൽറ പ്രായത്തട്ടിപ്പിൽ പിടിക്കപ്പെട്ടിരുന്നു.

പ്രായത്തട്ടിപ്പ് തെളിയിക്കപ്പെട്ട കൽറക്കെതിരെ ക്രിക്കറ്റ് അസോസിയേഷൻ നടപടി ആരംഭിച്ചുവെന്നും താരത്തെ വിലക്കിയെന്നും റിപ്പോർട്ടുകളുണ്ട്. നിതീഷ് റാണക്കും ശിവം മവിക്കുമെതിരെ നടത്തിയ അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് തെളിഞ്ഞുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുവരെയും വിലക്കുന്നതുൾപ്പെടെയുള്ള നടപടി ബിസിസിഐ കൈക്കൊള്ളാൻ സാധ്യതയുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്ലബ് മാനേജ്മെൻ്റും ഇക്കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്.

മുൻപും നിതീഷ് റാണ പ്രായത്തട്ടിപ്പിൽ പിടിക്കപ്പെട്ടിരുന്നു. 2015 ല്‍ പ്രായത്തട്ടിപ്പ് ചൂണ്ടിക്കാട്ടി ബിസിസിഐ വിലക്കിയ 22 കളിക്കാരോടൊപ്പം നിതീഷ് റാണയും ഉൾപ്പെട്ടിരുന്നു. വീണ്ടും പ്രായത്തട്ടിപ്പ് തെളിഞ്ഞാൽ താരത്തിനെതിരെ കടുത്ത നടപടി ഉണ്ടായേക്കും.

ഇന്ത്യൻ ജൂനിയർ ക്രിക്കറ്റിൽ പ്രായത്തട്ടിപ്പ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ തടയാൻ ബിസിസിഐ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല എന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്.

Story Highlights: KKR

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top