Advertisement

ആഘോഷത്തിമർപ്പുമായി 2020നെ വരവേറ്റ് കേരളവും

January 1, 2020
Google News 2 minutes Read

കേരളം പുതുവർഷത്തെ വരവേറ്റത് വലിയ ആർപ്പുവിളികളോടെയാണ്. ജില്ലകളിലെല്ലാം വിപുലമായ പരിപാടികൾ പുതുവർഷപുലരിയിലുണ്ടായിരുന്നു. ആളുകൾ ആഘോഷത്തിമർപ്പുമായി കണ്ണും നട്ടിരുന്നാണ് 2020നെ വരവേറ്റത്. വലിയ ചെറിയ സൂചികൾ 12ൽ മുത്തമിടുമ്പോഴേക്കും നൃത്തച്ചുവടുകളും ആർപ്പുവിളികളും മാനം മുട്ടേ ഉയർന്നിരുന്നു. ആകാശത്ത് വർണപ്പൂത്തിരികൾ വിരിഞ്ഞിറങ്ങി.

Read Also: ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം

നിറഞ്ഞ ആഘോഷത്തിൽ തലസ്ഥാന നഗരി

 

പുതുവർഷത്തെ നിറഞ്ഞ ആഘോഷത്തോടെയാണ് തലസ്ഥാന നഗരിയായ തിരുവനന്തപുരം വരവേറ്റത്. പരിപാടികളിൽ വിദേശികളടക്കം നിരവധി പേർ പങ്കെടുത്തു. പരസ്പരം ആലിംഗനം ചെയ്ത് പ്രതീക്ഷയുടെ പുതുവർഷത്തെ അവർ ഒരു മനസോടെ സ്വാഗതം ചെയ്തു. കോവളം ബീച്ചിൽ ശിങ്കാരിമേളമടക്കം ഒരുക്കി. ബീച്ച് പരിസരം കുടുംബമായി പുതുവത്സരത്തെ സ്വീകരിക്കാനെത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. കോവളം ഉദയ സമുദ്രാ ഹോട്ടലിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പ്രായഭേദമന്യേ വിദേശികളും സ്വദേശികളും പങ്കു ചേർന്നു.

വർക്കല അടക്കമുള്ള ബീച്ചുകളിൽ നടന്ന ആഘോഷ പരിപാടികളും ആവേശം വാനോളമുയർത്തി. കേരളത്തിലെ പുതുവത്സരആഘോഷ പരിപാടികളും കേരളവും വേറിട്ടതാണെന്ന് ചില വിദേശികൾ അഭിപ്രായപ്പെട്ടു. ബീച്ചുകളിൽ നിന്ന് 12.15 ഓടെ പൊലീസ് ജനങ്ങളെ ഒഴിപ്പിച്ചു. കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഹോട്ടലുകളിൽ സംഘടിപ്പിച്ച ഡിജെ പാർട്ടികൾ പുലർച്ചെ രണ്ട് മണി വരെ നീണ്ടു.

പപ്പാഞ്ഞിയെ കത്തിച്ച് കൊച്ചി

 

ആടിയും പാടിയും പുതുവത്സരാഘോഷം കൊച്ചിയിൽ ആവേശം നിറച്ചു. സ്വദേശീയരും വിദേശീയരുമടക്കം ആയിരങ്ങളാണ് ആഘോഷത്തിൽ അണിചേർന്നത്. കൃത്യം 12 മണിയോടെ പോയവർഷത്തിന്റെ പ്രതീകമായ ഭീമാകാരനായ പപ്പാഞ്ഞി ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ കത്തിയെരിഞ്ഞു. പുലരുവോളം ആഘോഷംതുടർന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് മലപ്പുറം

 

സംസ്ഥാനമാകെ ആഘോഷലഹരിയിൽ 2020നെ വരവേറ്റപ്പോൾ മലപ്പുറം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് ജില്ലയൊട്ടാകെ പുതുവർഷത്തെ വരവേറ്റത്. രാത്രി ഒമ്പത് മണിക്ക് തന്നെ നഗരത്തിൽ വിവിധ സംഘടനകളുടെ പ്രതിഷേധം ആരംഭിച്ചു. അഭിഭാഷക ദീപിക സിംഗ് രാജാവത്ത് യൂത്ത് ലീഗിന്റെ പ്രതിഷേധ വേദിയിൽ മുദ്രാവാക്യം വിളികളോടെ പങ്കുചേർന്നു. പന്തം കൊളുത്തി ദേശീയ ഗാനം ആലപിച്ചാണ് ഇവർ പുതുവർഷത്തെ വരവേറ്റത്. മലപ്പുറത്തെ ട്രോമാകെയർ സംഘം റോഡപകടങ്ങൾക്കെതിരെ ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. രാത്രി വണ്ടി ഓടിക്കുന്നവർക്ക് ഉറക്കം വരാതിരിക്കാൻ മലപ്പുറം എസ്പി അബ്ദുൽകരീം നേരിട്ടെത്തിയാണ് കട്ടൻ ചായ വിതരണം ചെയ്തത്.

പുതുവത്സരത്തെ വരവേറ്റ് കാസർഗോഡൻ ജനതക്കൊപ്പം ജില്ലാ കളക്ടർമാരും

 

പുതുവത്സരത്തെ വരവേൽക്കാൻ കാസർഗോഡൻ ജനതയും ഒത്തുചേർന്നു. ജില്ലാ ഭരണകൂടവും കാസർഗോഡ് തിയറ്ററിക്സ് സൊസൈറ്റിയും ചേർന്നാണ് നഗരത്തിന്റെ പുതുവത്സര രാവിന് ഉത്സവഛായ പകർന്നത്. പതിഞ്ഞതാളത്തിൽ തുടങ്ങിയ ആഘോഷങ്ങൾക്ക് കൊഴുപ്പേകി രണ്ട് ജില്ലാ കളക്ടർമാരും വേദിയിലെത്തി. വേദിയിൽ ആദ്യമെത്തിയത് കണ്ണൂർ ജില്ലാ കളക്ടർ ടിവി സുഭാഷായിരുന്നു. ആസ്വാദക ഹൃദയങ്ങൾ കവർന്ന ഗസലുമായി കളക്ടർ വേദി കൈയിലെടുത്തു. അണിഞ്ഞൊരുങ്ങിയ മണിമാരനായി കാസർകോട് ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബുവും വേദിയിലത്തിയപ്പോൾ കരഘോഷമുയർന്നു. ഒപ്പനയിൽ മണവാളനായതിന്റെ രഹസ്യവും കളക്ടർ മറച്ചുവച്ചില്ല. ചിരിച്ചിരുന്നാൽ മാത്രം മതിയല്ലോ എന്നായിരുന്നു രസകരമായ മറുപടി. കൂട്ടായ്മകൾ അന്യമാകരുതെന്ന സന്ദേശവുമായി ‘ഒപ്പരം 2020’ എന്ന പേരിലായിരുന്നു പുതുവത്സരാഘോഷം. പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ കുടുംബസമേതമെത്തി ആളുകൾ ഒത്തുചേർന്നു.

 

 

kerala welcomes 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here