Advertisement

മാസ് ലുക്കിൽ ദുൽഖർ; ‘കുറുപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

January 1, 2020
Google News 4 minutes Read

ആരാധകർ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് കുറുപ്പ്. 34 വർഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻ്റെ കഥ പറയുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകളായി. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. ദുൽഖർ സൽമാൻ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്.

‘പല നാടുകൾ പല നാളുകൾ പല രൂപങ്ങൾ…. എല്ലാം ഇവിടെ തുടങ്ങുന്നു…Starting the new decade with a new look. Here’s a glimpse of how we have reimagined the infamous Kurup’ എന്ന അടിക്കുറിപ്പോടെയാണ് ദുൽഖർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. #KurupFirstLook #KurupMovie എന്നീ ഹാഷ്ടാഗുകളും പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്. നീളൻ കോട്ടിട്ടും സ്റ്റൈലൻ കൂളിംഗ് ഗ്ലാസും ധരിച്ച്, കയ്യിൽ സിഗരറ്റ് പാക്കറ്റ് പിടിച്ച് നടന്നു വരുന്ന കുറുപ്പിൻ്റെ മാസ് ലുക്കാണ് പോസ്റ്ററിലുള്ളത്.

ദുൽഖർ സിനിമാ ലോകത്ത് അരങ്ങേറിയ സെക്കൻഡ് ഷോ, മോഹൻലാൽ ചിത്രം കൂതറ എന്നീ സിനിമകളുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കുറുപ്പ്. ദുൽഖറിനൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സുഷിന്‍ ശ്യാം ആണ് സംഗീതം. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കമ്മാര സംഭവത്തിലൂടെ ദേശിയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാന്‍ ആണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുക. ദുൽഖറിൻ്റെ നിർമ്മാണക്കമ്പനിയായ വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. 1984-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ ഇയാൾ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ച ശേഷം താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ താൻ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി 8 ലക്ഷം രൂപ തട്ടിയെടുത്തു. ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു.

പിന്നീട് അയാൾ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷം കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി ആളൊഴിഞ്ഞ വഴിയരികിൽ കാറുൾപ്പെടെ കത്തിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരുകിൽ വയലിലാണ് സുകുമാരക്കുറുപ്പിൻ്റെ കാറിൽ, കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്. സംഭവശേഷം സുകുമാരക്കുറുപ്പ് ഒളിവിലാണ്. കാലം ഇത്ര കഴിഞ്ഞിട്ടും ആര്ർക്കും കണ്ടെത്താൻ കഴിയാത്ത കുറ്റവാളിയാണ് സുകുമാരക്കുറുപ്പ്. പിന്നീട് ഈ കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ട് സഹായികളെ പോലീസ് പിടികൂടിയിരുന്നു. ഇവർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയായിരുന്നു.

Story Highlights: Dulquer Salmaan, Sukumara Kurup, Kurup Movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here