കായികമേളയിൽ സ്വർണവുമായെത്തിയ ആൻസി സോജനെ കാത്തിരുന്നത് നാട്ടുകാരുടെ സ്വർണ സമ്മാനം

ദേശീയ സ്‌കൂൾ കായികമേളയിൽ സ്വർണ നേട്ടവുമായി ആൻസി സോജനെ കാത്തിരുന്നത് നാട്ടുകാരുടെ വക സ്വർണ കമ്മൽ. കായിക മേളയിൽ നാല് സ്വർണ മെഡലുകൾ കരസ്ഥമാക്കി തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ആൻസി സോജന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ആണ് നാട്ടുകാരുടെ സ്‌നേഹ സമ്മാനമായ സ്വർണ കമ്മലും കെട്ടിപ്പിടിച്ചൊരുമ്മയും നൽകിയത്.
പഞ്ചായത്തിന്റെയും ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെയും പ്രതിനിധികൾക്ക് പുറമേ ആൻസിയുടെ കുടുംബവും റെയിൽവേസ്‌റ്റേഷനിൽ സ്വീകരിക്കാനായി എത്തിയിരുന്നു. സ്‌നേഹ സമ്മാനവുമായി മടങ്ങുമ്പോഴും ഇനിയും കായിക മേളയിൽ ‘ ഇനി സ്‌കൂൾ കായികമേളകളിൽ മത്സരിക്കാനാവില്ലല്ലോ എന്ന വിഷമമുണ്ടെന്നും … കൂട്ടുകാരെ മിസ് ചെയ്യുമെന്നും ആൻസി സോജൻ പറഞ്ഞു.
അതേസമയം, ലോങ് ജമ്പിൽ, താൻ ജനിക്കും മുമ്പുള്ള റെക്കോഡ് ഭേദിച്ചതിനെക്കാൾ സന്തോഷം 200 മീറ്ററിൽ സ്വർണം നേടിയപ്പോഴായിരുന്നെന്ന് ആൻസി പറഞ്ഞു. നാട്ടിക ഫിഷറീസ് സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥിനിയായ ആൻസി സോജൻ അന്താരാഷ്ട്രതാരമായ പ്രിയ എച്ച്. മോഹനെ ഏറെ ദൂരം പിൻ തള്ളിയാണ് സുവർണ നേട്ടം കൊയ്തത്.
ആൻസി സുവർണ നേട്ടവുമായി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ എല്ലാവരും തിരഞ്ഞത് കോച്ചായ കണ്ണനെ ആയിരുന്നു. പഞ്ചാബിൽ നിന്ന് ബുധനാഴ്ച നാട്ടിലെത്തിയ കണ്ണൻ തന്റെ പെട്ടിയോട്ടോയിൽ ഓട്ടം പോകുന്നതിനുള്ള തിരക്കിൽ ആയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here