Advertisement

കൊള്ളക്കാരുടെ തോക്കിന് മുന്‍പില്‍ പെട്ട അവസ്ഥയിലായിരുന്നു: മൈക്കിള്‍ ലെവിറ്റ്

January 9, 2020
0 minutes Read

കേരളത്തിലെ വിനോദസഞ്ചാരമേഖലയ്‌ക്കെതിരെ ആഞ്ഞടിച്ച് നോബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റ്. കൊള്ളക്കാരുടെ തോക്കിന് മുന്നില്‍ പെട്ട അവസ്ഥയിലായിരുന്നു താന്‍. സര്‍ക്കാരിന്റെ അതിഥിയെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയെന്നും നൊബേല്‍ സമ്മാന ജേതാവ് ഇ മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. പണിമുടക്ക് ദിനത്തില്‍ കുട്ടനാട്ടില്‍ സന്ദര്‍ശനം നടത്തിയ മൈക്കില്‍ ലെവിറ്റിനേയും ഭാര്യയേയും ആര്‍ ബ്ലോക്കില്‍ മണിക്കൂറുകളോളം തടഞ്ഞു വച്ച സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കഴിഞ്ഞ പണിമുടക്ക് ദിനം രാവിലെയാണ് സംസ്ഥാനത്തേയും രാജ്യത്തേയുമാകമാനം അപമാനത്തിലാക്കിയ സംഭവം കുട്ടനാട്ടില്‍ അരങ്ങേറിയത്.

സ്വകാര്യ ഹൗസ് ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്ന മൈക്കിള്‍ ലെവിറ്റിനേയും ഭാര്യയേയും പണിമുടക്ക് അനുകൂലികള്‍ ആലപ്പുഴ ആര്‍ ബ്ലോക്കില്‍ വച്ച് തടയുകയും ബോട്ട് മുന്നോട്ട് എടുക്കാനാകാത്ത വിധം കെട്ടിയിട്ടതുമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ബോട്ടിന്റെ സ്രാങ്ക് വിവരമറിയിച്ചതിനെ തുടര്‍ന്നുള്ള ഇടപെടലില്‍ ഒരു മണിക്കൂറിനു ശേഷമാണ് ലെവിറ്റിനും സംഘത്തിനും യാത്ര തുടരാനായത്.

സംഭവത്തെ ഇ മെയിലിലൂടെ ലെവിറ്റ് വിവരിക്കുന്നത് ഇങ്ങനെ. താന്‍ കൊള്ളക്കാരുടെ തോക്കിനു മുന്നില്‍ അകപ്പെട്ട പോലെയുള്ള അവസ്ഥയില്‍ ആയിരുന്നു. സര്‍ക്കാരിന്റെ അതിഥി ആയിട്ടും ഒരു മണിക്കൂറിലധികം യാത്ര തടസപ്പെട്ടു. കായലില്‍ ക്രിമിനലുകള്‍ വിനോദ സഞ്ചാരികളെ തടയുന്നത് കേരളത്തിലെ ടുറിസം രംഗത്തിനു തന്നെ തിരിച്ചടി ആണ്. നിയമ നടപടി ഉണ്ടാകില്ലെന്ന ഉറപ്പിലാണ് ക്രിമിനലുകള്‍ പെരുമാറിയതെന്നും അദ്ദേഹം ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

ടൂര്‍ ഓപ്പറേറ്റര്‍ കെന്‍സ് ജോര്‍ജിനയച്ച ഇ മെയില്‍ സന്ദേശത്തിലാണ് മൈക്കിളിന്റെ പ്രതികരണം ഉണ്ടായത്.
അതേസമയം ലെവിറ്റിനുണ്ടായ അനുഭവത്തിനു പിന്നില്‍ ക്രിമിനലുകള്‍ ആണെന്നാണ് സര്‍ക്കാരിന്റെ പ്രതികരണം. കേരള സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ അതിഥിയായാണ് മൈക്കിള്‍ ലെവിറ്റും ഭാര്യയും കേരളത്തില്‍ എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top